'മോഖ' കരതൊട്ടു: മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചേക്കും; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

'മോഖ' കരതൊട്ടു: മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചേക്കും; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ഇതിന്റെ ഫലമായി ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴ പെയ്യുകയാണ്. ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗം വരെ ശക്തി പ്രാപിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങള്‍ പശ്ചിമബംഗാളിലെ ദിഘയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിലും ബംഗ്ലാദേശിലുമായി ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും മോക്കയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഏകദേശം 500,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോക്സ് ബസാറിലെ സ്‌കൂളുകളിലും ആശ്രമങ്ങളിലും സ്ഥാപിച്ചിട്ടുള്ള പല ഷെല്‍ട്ടറുകളും ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ് ബസാര്‍ ജില്ലയിലടക്കം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നിന്നും മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഇന്ത്യയില്‍ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് അതീവ ജാഗ്രത.

പശ്ചിമ ബംഗാളില്‍ ദേശീയ ദുരന്ത നിവാരണ സേനയടക്കം സജ്ജമാണ്. കോസ്റ്റ് ഗാര്‍ഡും വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാണ്. ത്രിപുരയിലും അസമിലുമടക്കം ശക്തമായ മഴ ജാഗ്രതയുണ്ട്.

അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.