ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഉജ്ജ്വലവിജയത്തില്‍ ജോഡോ യാത്ര നിര്‍ണായക സ്വാധീനം ചെലുത്തിയെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ യാത്രയുടെ രണ്ടാം ഘട്ടത്തിന് പാര്‍ട്ടി തയ്യാറെടുക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
നരേന്ദ്ര മോഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായും ആശയ ഭിന്നതയുളളവരുമായും സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണ്. തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ആകാം. വീട്ടു വീഴ്ചകള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടാകണം. ചില സംസ്ഥാനങ്ങളില്‍ എതിരാളികളുമായി പോലും സഖ്യം സാധ്യമാണ്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മുമായും തെലങ്കാനയില്‍ ബിആര്‍എസുമായും സഖ്യത്തിന് കഴിയില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്തിനും കോണ്‍ഗ്രസിനും പുതു ഊര്‍ജവും പ്രതീക്ഷയുമാണ് നല്‍കിയത്. കര്‍ണാടകയിലെ ജയത്തിലും നിര്‍ണായക ഘടകമായി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ആവശ്യമെന്ന സന്ദേശമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് നല്‍കുന്നത്. ദേശീയ തലത്തില്‍ പ്രതിപക്ഷം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നത് കിംവദന്തിയാണ്. അതില്‍ വിശ്വസിക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അതിന്റേതായ സമയമെടുക്കും. എല്ലാ നേതാക്കളെയും ചേര്‍ത്തു കൊണ്ടുപോകാനാണ് ശ്രമം. രാജസ്ഥാനിലെ അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.