മൊബൈൽ കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളിൽ അടിയന്തിര സേവനത്തിന് ഐഫോണിലെ പ്രത്യേക ഫീച്ചർ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

മൊബൈൽ കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളിൽ അടിയന്തിര സേവനത്തിന് ഐഫോണിലെ പ്രത്യേക ഫീച്ചർ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

സിഡ്നി: ആപ്പിൾ ഐഫോൺ 14 ലെ ഉപഗ്രഹം വഴിയുള്ള എമർജൻസി എസ്ഒഎസ് സംവിധാനം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ആരംഭിച്ചു. മൊബൈൽ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ അടിയന്തിര സഹായത്തിനായി ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ അധികൃതരെ ബന്ധപ്പെടാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണിത്.

തുടക്കത്തിൽ യുഎസിലും കാനഡയിലും മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നത്. യുകെ, ഫ്രാൻസ്, ജർമനി, അയർലണ്ട് എന്നിവിടങ്ങളിലേക്ക് പിന്നീട് ഇത് വ്യാപിച്ചു. ഇപ്പോൾ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും എമർജൻസി എസ്ഒഎസ് സേവനം എത്തിച്ചെന്ന് കമ്പനി അറിയിച്ചു.

മൊബൈൽ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയാൽ ഉപഭോക്താവ് നിൽക്കുന്ന ലൊക്കേഷൻ അറിയിക്കുന്നതിനായി ഈ സേവനം ഉപയോ​ഗിക്കാം. കാടുകൾ, മരുഭൂമി, പർവതമേഖലകൾ, ഉൾഗ്രാമങ്ങൾ പോലുള്ള മേഖലകളിൽ വഴിതെറ്റിപ്പോയി ഒറ്റപ്പെടുന്നവർക്ക് സഹായം തേടാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ഭൂമിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് എമർജൻസി എസ്ഒഎസ് ഫീച്ചർ പ്രവർത്തിക്കുന്നത്. ഐഫോൺ 14 ഉപഭോക്താക്കൾക്ക് ഓസ്‌ട്രേലിയയിലെ 000 എന്ന നമ്പറിലോ ന്യൂസിലാൻഡിലെ 111 എന്ന നമ്പറിലോ വിളിച്ച് എമർജൻസി എസ്ഒഎസ് ബട്ടൺ തിരഞ്ഞെടുത്ത് അല്ലെങ്കിൽ വോളിയം ബട്ടണുമായി ചേർന്ന് സൈഡ് ബട്ടൺ അമർത്തിപ്പിടിച്ച് ഉപഗ്രഹത്തിലേക്ക് കണക്റ്റുചെയ്യാനാകും.

നിങ്ങളുടെ എമർജൻസി, ലൊക്കേഷൻ, ഐഫോൺ ബാറ്ററി ലെവൽ, മെഡിക്കൽ ഐഡി എന്നിവ പ്രവർത്തനക്ഷമമാണെങ്കിൽ ആ വ്യക്തിയുമായി അവരുടെ സാഹചര്യത്തെക്കുറിച്ചും എവിടെയാണെന്നും ടെക്‌സ്‌റ്റ് മുഖേന ആശയവിനിമയം നടത്താൻ കഴിയും.
ഈ ഫീച്ചർ മൂലം ഇതുവരെ 12 പേരുടെ ജീവൻ രക്ഷിച്ചു. കഴിഞ്ഞ വർഷം 500 മീറ്റർ താഴ്ചയിൽ മലയിടുക്കിലകപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ ഈ സംവിധാനം ഉപയോഗിച്ചതുമൂലം ജീവൻ തിരികെ കിട്ടി.

കാലിഫോർണിയയിൽ റോഡിൽ നിന്ന് കാർ മലയിടുക്കിലേക്ക് മറിഞ്ഞതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ പുത്തൻ സംവിധാനത്തിന് സാധിച്ചു. എസ്ഒഎസ് ഫംഗ്‌ഷന് രക്ഷിതാക്കളെയോ പങ്കാളികളെയോ സുഹൃത്തുക്കളെയോ ഉപയോ​ക്താവിന്റെ
ലൊക്കേഷൻ അറിയിക്കാൻ സാധിക്കും.

എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം

അടിയന്തര സാഹചര്യങ്ങിൽ അടിയന്തര സേവനങ്ങളെ ഫോൺകോളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ മൊബൈൽ നെറ്റ്‌വർക്ക് കിട്ടുന്നില്ല എന്നിരിക്കട്ടെ. ഈ സമയം ഐഫോൺ ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ ആ ആശയവിനിമയം സാധ്യമാക്കാൻ സഹായിക്കും.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. താരതമ്യേന വേഗം കുറഞ്ഞ ആശയവിനിമയ സംവിധാനമായിരിക്കും ഇത്. എന്നാൽ മൊബൈൽ കണക്റ്റിവിറ്റിയില്ലാത്ത സാഹചര്യത്തിൽ അടയന്തിര സാഹചര്യങ്ങൾ വന്നാൽ ഈ സംവിധാനം ഉപയോഗപ്പെടും.

ഫോണിൽ നെറ്റ്‌വർക്ക് ഇല്ല എന്ന് മനസിലാക്കിയാൽ ഉപഭോക്താക്കൾക്ക് 'എമർജൻസി ടെക്സ്റ്റ് വയ സാറ്റലൈറ്റ്' എന്ന ഓപ്ഷൻ ഫോണിൽ കാണാൻ സാധിക്കും. ഇത് തിരഞ്ഞെടുത്താൽ പുതിയൊരു ഇന്റർഫെയ്സിലേക്കാണ് ചെന്നെത്തുക. നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ള ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാൻ അവിടെ നിന്ന് സാധിക്കും.

ഇങ്ങനെ ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കഴിയുന്നതും തുറസായ ആകാശം കാണുന്നയിടത്താണ് നിങ്ങൾ നിൽക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സന്ദേശങ്ങൾ അയക്കാൻ ഏകദേശം 15 സെക്കന്റ് എങ്കിലും എടുക്കും. മരങ്ങൾ നിറഞ്ഞയിടങ്ങളിലാണ് നിൽക്കുന്നത് എങ്കിൽ ഒരു മിനിറ്റിലേറെ സമയം ഒരു സന്ദേശം അയക്കാൻ വേണ്ടിവരും.

അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായുള്ള അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിന് വേണ്ടിയാണീ ഫീച്ചർ ഉപയോഗിക്കുക. ഇതുവഴി അയക്കുന്ന സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്താണ് അയക്കപ്പെടുക. എന്നാൽ അടിയന്തര സേവന ദാതാക്കൾക്കും അനുബന്ധ സംവിധാനങ്ങൾക്കും ഈ സന്ദേശം കാണാനും അതിനനുസരിച്ച് സേവനം നൽകാനും സാധിക്കും. ഐഫോൺ 14 പരമ്പര ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26