പ്രതിഭാ സംഗമത്തിന് മൗണ്ട് സെന്റ് തോമസില്‍ തുടക്കം; ലക്ഷ്യം ക്രിസ്തീയ വീക്ഷണത്തിലൂടെയുള്ള വളര്‍ച്ച

പ്രതിഭാ സംഗമത്തിന് മൗണ്ട് സെന്റ് തോമസില്‍ തുടക്കം; ലക്ഷ്യം ക്രിസ്തീയ വീക്ഷണത്തിലൂടെയുള്ള വളര്‍ച്ച

കൊച്ചി: സഭ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രതിഭാസംഗമം സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സംഗമം ഉദ്ഘാടനം ചെയ്തു.

വിശ്വാസ പരിശീലനത്തിലൂടെ കുട്ടികള്‍ നേടുന്ന ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളരുവാന്‍ പ്രതിഭാസംഗമം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പ്പുരയിടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു.

സീറോമലബാര്‍ വിശ്വാസ പരിശീലന കമീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വെട്ടത്ത്, ഫാ. മനു എ.എസ്.ടി ആന്റ് ടീം, സി. ജിസ്ലെറ്റ് എഎസ്‌ജെ, സി. ജിന്‍സി ചാക്കോ എംഎസ്‌ജെ, കുരിയാക്കോസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നു. ഏഴാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഇടവക-ഫൊറോന-രൂപതാതല തിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തിയ 64 വിദ്യാര്‍ത്ഥികളാണ് പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുന്നത്.

പതിനെട്ടിന് ഉച്ചകഴിഞ്ഞു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.