ലോകത്ത് വധശിക്ഷ 53 ശതമാനം വര്‍ധിച്ചു; മുന്നില്‍ ഇറാനും സൗദിയും

ലോകത്ത് വധശിക്ഷ 53 ശതമാനം വര്‍ധിച്ചു; മുന്നില്‍ ഇറാനും സൗദിയും

ന്യൂഡല്‍ഹി: ലോകത്ത് കഴിഞ്ഞവര്‍ഷം വധശിക്ഷ 53 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലും സൗദി അറേബ്യയിലുമാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയിട്ടുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റില്‍ നടപ്പിലാക്കുന്ന വധശിക്ഷകളില്‍ എഴുപത് ശതമാനവും ഇറാനിലാണ്. 2021 ല്‍ 314 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍ 2022 ല്‍ ഇത് 576 ആയി. സൗദിയില്‍ കഴിഞ്ഞ വര്‍ഷം 196 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 2021 ല്‍ 65 പേര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പുതിയ വധശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഇന്തോനേഷ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഇന്തോനേഷ്യയില്‍ മാത്രം 112 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മയക്കുമരുന്നു കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നതാണ് വര്‍ധനവിന് കാരണം.

എന്നാല്‍ 2016 ല്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഇന്തോനേഷ്യയില്‍ ശിക്ഷ നടപ്പിലാക്കിയിട്ടില്ല. 450 പേരാണ് ശിക്ഷ കാത്ത് ഇന്തോനേഷ്യന്‍ ജയിലുകളില്‍ കഴിയുന്നത്.

കുവൈത്ത്, മ്യാന്‍മാര്‍, പലസ്തീന്‍, സിംഗപ്പുര്‍, യുഎസ് എന്നിവിടങ്ങളിലും വധശിക്ഷയില്‍ വര്‍ധനവുണ്ടായി. 20 രാജ്യങ്ങളിലായി കഴിഞ്ഞവര്‍ഷം 883 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ചൈന, ഉത്തര കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.