മെൽബണിൽ സ്കൂൾ ബസിൽ ട്രക്കിടിച്ച് വൻ അപകടം, 13 കുട്ടികൾ ആശുപത്രിയിൽ

മെൽബണിൽ സ്കൂൾ ബസിൽ ട്രക്കിടിച്ച് വൻ അപകടം, 13 കുട്ടികൾ ആശുപത്രിയിൽ

മെൽബൺ: 45 പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ബസ് എക്‌സ്‌ഫോർഡ് പ്രൈമറി സ്‌കൂളിൽ നിന്ന് പുറപ്പെട്ടത്. മർഫിസ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ ട്രക്ക് ബസിന്റെ പുറകിൽ ഇടിക്കുകയും വാഹനം താഴേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 10 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിക്ടോറിയ പോലീസ് സൂപ്രണ്ട് മൈക്കൽ ക്രൂസ് പറഞ്ഞു.

അപകടത്തിൽ ആർക്കും ജീവൻ നഷ്ടമാകാതിരുന്നത് ഭാ​ഗ്യം കൊണ്ടാണ്. എന്നാൽ ഒരു കുട്ടിയുടെ കൈയോ കാലോ ശസ്ത്രക്രിയയിലൂടെ പൂർണമായും മുറിച്ചു മാറ്റി. മറ്റൊരു കുട്ടി ​ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്. വൈകുനേരം വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബസ് താഴേക്ക് മറിഞ്ഞിട്ടും വിദ്യാർത്ഥികളുടെ പരിക്കുകൾ നിസാരമായത് ഭാഗ്യമാണ്. അകത്ത് കുടുങ്ങിയ ആറ് കുട്ടികളെ പുറത്തെടുക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. പലരും മേൽക്കൂരയിലൂടെയും ജനാലകളിലൂടെയും പുറത്തിറങ്ങി. വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തിന് സഹായിച്ചതായി ക്രൂസ് പറഞ്ഞു.

വിവരമറിഞ്ഞയുടൻ രക്ഷിതാക്കൾ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ബസിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപെടുത്താൻ CFA, SES, ഫയർ റെസ്‌ക്യൂ വിക്ടോറിയ സംഘങ്ങളുമെത്തി. 11 വയസ്സുകാരിയായ എന്റെ മകൾ ബസിലുണ്ടായിരുന്നു. അപകടം സംഭവിച്ചതോടെ അവൾ പേടിച്ചുപോയി, ചെറിയ പരിക്കുകൾ ഉണ്ട്, മകൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നതെന്ന് സംഭവ സ്ഥലത്തെത്തിയ രക്ഷിതാവ് നിക്കോൾ കിർക്ക് വികാരഭരിതനായി പറഞ്ഞു.

ബസിൽ നിന്ന് 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 25 പേർ സംഭവസ്ഥലത്ത് ചികിത്സയിലാണെന്നും ആംബുലൻസ് വിക്ടോറിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 13 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിന്നീട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26