സിഡ്‌നി: ഓഗസ്റ്റില്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന ദിനത്തില്‍ പങ്കെടുക്കാന്‍ ആവേശഭരിതരായി ഓസ്‌ട്രേലിയയിലെ യുവജനങ്ങള്‍. 3000-ത്തിലധികം വിശ്വാസികളാണ് ഓസ്‌ട്രേലിയയില്‍നിന്നു ലോക യുവജന ദിനത്തില്‍ പങ്കെടുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയയില്‍നിന്ന് ഇത്രയധികം യുവജനങ്ങള്‍ പങ്കെടുക്കുന്നത്.
1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ലോക യുവജനദിനം ആരംഭിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തോടെ വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടത്തപ്പെടുന്ന യുവജന സമ്മേളനത്തില്‍ ലക്ഷക്കണക്കിനു യുവജനങ്ങളാണ് പങ്കെടുക്കാറുള്ളത്. 2019 ജനുവരിയില്‍ പനാമ സിറ്റിയിലാണ് അവസാനത്തെ യുവജന സമ്മേളനം നടന്നത്.
ഇക്കുറി ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെയാണ് യുവജന സമ്മേളനം നടക്കുന്നത്. അതിനു മുന്നോടിയായി ഓസ്‌ട്രേലിയയിലെ 25 കോര്‍ഡിനേറ്റര്‍മാര്‍ സിഡ്‌നിയില്‍ ഒത്തുകൂടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കോ-ഓര്‍ഡിനേറ്റര്‍മാരെ ആത്മീയമായി പരിപോഷിപ്പിക്കുന്നതിനും പങ്കെടുക്കുന്ന യുവജനങ്ങളെ ലിസ്ബണില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
'നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രാര്‍ത്ഥിക്കാനുള്ള മികച്ച അവസരമാണിതെന്ന് സുവിശേഷവല്‍ക്കരണം, അല്‍മായര്‍, ശുശ്രൂഷ എന്നിവയ്ക്കുള്ള ബിഷപ്പ് കമ്മീഷന്‍ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ് പറഞ്ഞു.
'ഇവരില്‍ ചിലര്‍ മുന്‍ ലോക യുവജന ദിനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, പ്രാര്‍ത്ഥനയുടെയും ദൈവീക സാന്നിധ്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു ഉദാഹരണമാണ് യുവജന സമ്മേളനം.
പോര്‍ച്ചുഗലില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനു പുറമേ ഓസ്ട്രേലിയന്‍ സംഘം വിശുദ്ധ ഭൂമി, റോം, ലൂര്‍ദ്, ഫാത്തിമ, ആവില, അസീസി തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ത്ഥാടനം നടത്തും.
ഓസ്ട്രേലിയന്‍ തീര്‍ഥാടകര്‍ക്കൊപ്പം ഓഷ്യാനിയ മേഖലയില്‍ നിന്നുള്ള നിരവധി യുവാക്കളും പങ്കെടുക്കുന്നുണ്ട്. ലോക യുവജന ദിന സംഘാടകരുടെയും ഓസ്ട്രേലിയന്‍ രൂപതകളുടെയും സാമ്പത്തിക സഹായത്തോടെയാണ് യുവാക്കള്‍ സമ്മേളത്തിനായി പോകുന്നത്.
കൂടുതല്‍ വായനയ്ക്ക്:
ഒരുക്കത്തോടെ ലിസ്ബണിലെ യുവജന സംഗമത്തില്‍ പങ്കെടുക്കണം; യുവാക്കളോട് ഫ്രാന്‍സിസ് പാപ്പ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.