ജോസ്‌വിൻ കാട്ടൂർ
വത്തിക്കാന്‍ സിറ്റി: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ നടക്കുന്ന ആഗോള യുവജന ദിനത്തില്‍ (WYD) പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. വ്യാഴാഴ്ച പുറത്തിറക്കിയ തന്റെ വീഡിയോ സന്ദേശത്തില്‍, യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വ്വം തയാറെടുക്കുന്ന ചെറുപ്പക്കാരെ മാര്‍പ്പാപ്പ പ്രത്യേകം അഭിനന്ദിച്ചു.
അന്താരാഷ്ട്ര യുവജന സമ്മേളനത്തിന് മൂന്ന് മാസത്തില്‍ താഴെ മാത്രം ശേഷിക്കെയാണ് യുവജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ വീഡിയോ സന്ദേശം പുറത്തിറക്കിയത്.
യാത്രയ്ക്കായി തയ്യാറെടുക്കുന്ന ഈ വേളയില്‍ യുവജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന പലവിധ ആശങ്കകളെക്കുറിച്ച് താന്‍ ബോധവാനാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നിങ്ങളുടെ ആവേശത്തിന് ഒട്ടും മങ്ങലേല്‍പ്പിക്കാതെ, പ്രത്യാശയോടെ പുതിയ ചക്രവാളങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ യുവജനങ്ങള്‍ പ്രാപ്തരാകട്ടെ എന്ന് പാപ്പ ആശംസിച്ചു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സമപ്രായക്കാരായ യുവജനങ്ങളെ കണ്ടുമുട്ടാനും അവരുമായി പൊതുവായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും സാധിക്കുന്നതുവഴി, ഈ യുവജന ദിനാചരണം അവരെ പുത്തന്‍ അനുഭവങ്ങളിലേക്കും വളര്‍ച്ചയിലേക്കും നയിക്കുമെന്ന് മാര്‍പ്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
സഭയുടെ കരുത്ത് കുടികൊള്ളുന്നത് യുവജനങ്ങളിലാണെന്നും അതിനാല്‍ നല്ല ഒരുക്കത്തോടെ വേണം യുവജനസംഗമത്തില്‍ പങ്കെടുക്കേണ്ടതെന്നും പാപ്പ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. യുവജന സമ്മേളനത്തിനായി വരുന്നതിനു മുമ്പ് മുത്തശി മുത്തശന്മാരോടും മുതിര്‍ന്നവരോടും സംസാരിക്കുകയും അവരുടെ ഉപദേശം ആരായുകയും ചെയ്യണമെന്ന് പരിശുദ്ധ പിതാവ് പ്രത്യേകം ഓര്‍മ്മപ്പെടുത്തി. കാരണം, മുതിര്‍ന്ന തലമുറയ്ക്ക് ജ്ഞാനം പകര്‍ന്നു നല്‍ക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ഉത്സാഹത്തോടെ പ്രയത്നിക്കണമെന്നും ലിസ്ബണിലെത്തുന്ന യുവജനങ്ങളെ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് വീഡിയോ സന്ദേശം മാര്‍പ്പാപ്പ അവസാനിപ്പിക്കുന്നത്.
1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ലോക യുവജനദിനം ആരംഭിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തോടെ വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടത്തപ്പെടുന്ന യുവജന സമ്മേളനത്തില്‍ ലക്ഷക്കണക്കിനു യുവജനങ്ങളാണ് പങ്കെടുക്കാറുള്ളത്. 2019 ജനുവരിയില്‍ പനാമ സിറ്റിയിലാണ് അവസാനത്തെ യുവജന സമ്മേളനം നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.