ദുബൈയിലെ ക്രിക്കറ്റ് പരിശീലകരായ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയുമായി ചേർന്നാണ് അഞ്ച് വയസിനും 19 വയസിനും ഇടയിലുള്ള കുട്ടികൾക്കായി പരിശീലനം നൽകുന്നത്. അക്കാദമിയുടെ ലോഞ്ചിങ് ദുബൈയിൽ നടന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡാരിൽ കള്ളിനനാണ് എം.എസ്. ധോണി അക്കാദമി ഡയറക്ടർ ഓഫ് കോച്ചിങ്. ഊദ് മേത്തയിലാണ് അക്കാദമി. രജിസ്ട്രേഷൻ തുടങ്ങി. ധോണിയുടെ വഴികളാണ് തങ്ങളും സ്വീകരിക്കുന്നതെന്ന് കള്ളിനൻ പറഞ്ഞു. നേതൃപാടവം, നിപുണത, മാനസിക വികസനം എന്നിവയാണ് ഇതിൽ പ്രധാനം.
ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കും പരിശീലനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് സ്‌പെറോയുടെയും ധോണി അക്കാദമിയുടെയും സഹകരണത്തോടെ ദുബൈയിലെ എല്ലാ ക്രിക്കറ്റ് താരങ്ങളിലേക്കും കൂടുതൽ പരിശീലനം എത്തിക്കാനും ലക്ഷ്യമിടുന്നു. അഞ്ച് വർഷം മുമ്പ് മുതിർന്ന താരങ്ങളുടെ നേതൃത്വത്തിലാണ് സ്പെറോ അക്കാദമി സ്ഥാപിച്ചത്.
ആയിരത്തിലധികം കുട്ടികളെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.സി.സി സർട്ടിഫൈഡ് കോച്ചുകളുടെ സേവനവും അക്കാദമിയിൽ ലഭ്യമാണ്. ധോണി അക്കാദമിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് സ്പെറോ അക്കാദമി എം.ഡി മുഹമ്മദ് ഇസ്മയിൽ പറഞ്ഞു. 2014ൽ സ്ഥാപിച്ച ആർക്ക സ്പോർട്സും ഇതുമായി സഹകരിക്കുന്നു. ഉപദേഷ്ടാവായ ധോണിയുടെ ജീവിതവും കളികളും കൂട്ടിയിണക്കിയാണ് പരിശീലനം. കളിക്ക് പുറമെ മത്സരദിവസത്തെ ദിനചര്യകൾ, മനക്കരുത്ത് നേടാനുള്ള പരിശീലനം, നേതൃപാടവ ക്ലാസുകൾ എന്നിവയും നൽകുന്നു. സ്ഥാപനത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു. വിഡിയോ സന്ദേശത്തിലൂടെ ധോണി ആശംസ നേർന്നു. ലോഞ്ചിങ് ചടങ്ങിൽ കമന്റേറ്ററും ഐ.പി.എൽ പാനൽ ചർച്ചകളുടെ ഭാഗവുമായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി അർജാൻ സിങ് അവതാരകനായി. ആർക്ക സ്പോർട്സ് എം.ഡി മിഹിർ ദിവാകർ, എം.എസ് ധോണി ക്രിക്കറ്റ് അക്കാദമി അസോസിയറ്റ് ഡയറക്ടർ ഓഫ് കോച്ചിങ് സത്രജിത് ലാഹരി, ക്രിക്കറ്റ് സ്പെറോ എക്സിക്യൂട്ടിവ് ഡയറക്ടർ നിഥിൻ മേനോൻ, ദുബൈ ക്രിക്കറ്റ് കൗൺസിൽ വർക്കിങ് കമ്മിറ്റി മെംബർ സന്ദീപ് റെയ്ന തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.