നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. ഇത്തരം ആവശ്യം കണക്കിലെടുത്ത് ജഡ്ജിയെ മാറ്റാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണിതെന്നും കോടതി വ്യക്തമാക്കി. ഇരയായ നടിയെ അവഹേളിക്കുന്ന നടപടികള്‍ കോടതിയിലുണ്ടായി എന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. 20ഓളം അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് നടിയെ വിസ്തരിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചില്ല.

പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. വിചാരണ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ നേരത്തെ രാജിവച്ചിരുന്നു. കോടതി മാറ്റണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ നടിയും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ കോടതി മാറ്റാന്‍ സാധിക്കില്ല എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്.

ഹൈക്കടതി ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ജഡ്ജിയുടെ വിചാരണയില്‍ നീതി പൂര്‍വമായ വിധിയുണ്ടാകില്ല എന്നാണ് പ്രോസിക്യൂട്ടറുടെ നിലപാട്. അദ്ദേഹം ഏറ്റവും ഒടുവില്‍ വിചാരണ നടക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായതുമില്ല. തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് നടന്‍ ദിലീപ് അറസ്റ്റിലായി. ഇതോടെയാണ് കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കി എന്നാണ് പോലീസ് കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.