ജോ ബൈഡന്‍ വരില്ല; സിഡ്‌നിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ജോ ബൈഡന്‍ വരില്ല; സിഡ്‌നിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്നി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്ന് അടുത്തയാഴ്ച സിഡ്‌നിയില്‍ നടക്കാനിരുന്ന ക്വാഡ് നേതൃയോഗം റദ്ദാക്കി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയ, യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ 24ന് സിഡ്‌നിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. പകരം, ഈ ആഴ്ച അവസാനം ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ നാലു രാജ്യങ്ങളുടെ നേതൃത്വവും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമാണ് 'ക്വാഡ്'. ഇന്തോ-പസഫിക് മേഖലയില്‍ വളര്‍ന്നുവരുന്ന ചൈനീസ് സ്വാധീനത്തിനെതിരേയുള്ള കൂട്ടായ്മയായാണ് സഖ്യത്തെ വിലയിരുത്തുന്നത്.

അമേരിക്കന്‍ കടബാധ്യത സംബന്ധിച്ച് സുപ്രധാന ചര്‍ച്ചകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി നടക്കുന്നതിനാലാണ് ഓസ്‌ട്രേലിയ സന്ദര്‍ശനം ബൈഡന്‍ മാറ്റിയത്. യാത്ര മാറ്റേണ്ടിവന്നതില്‍ ബൈഡന്‍ നിരാശ അറിയിച്ചതായും അല്‍ബനീസി വ്യക്തമാക്കി. 23-ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു ജോ ബൈഡന്‍.

അതേസമയം അടുത്തയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തിനു മാറ്റമില്ല. 22 മുതല്‍ 24 വരെയാണ് മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം. ജപ്പാനില്‍ ജി7 ഉച്ചകോടിക്കായി നാളെ പുറപ്പെടുന്ന മോഡി 21 വരെ അവിടെ തുടരും. തുടര്‍ന്ന് പാപുവ ന്യൂഗിനിയില്‍ ഇന്ത്യ-പസിഫിക് സഹകരണ ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാവും ഓസ്‌ട്രേലിയയില്‍ എത്തുക.

ആഴ്ചാവസാനം ജപ്പാനില്‍ നടക്കുന്ന ജി 7 ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.