ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിൾ ലേലത്തിൽ വിറ്റത് റെക്കോഡ് തുകയ്ക്ക്

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിൾ ലേലത്തിൽ വിറ്റത് റെക്കോഡ് തുകയ്ക്ക്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിൾ ലേലത്തിൽ വിറ്റു പോയത് റെക്കോഡ് തുകയ്ക്ക്. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 38.1 മില്യൺ ഡോളറിനാണ് (3,14,27,54,700.00 രൂപ) ബൈബിൾ വിറ്റത്.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണവുമായ ഹീബ്രു ബൈബിളാണ് 'കോഡെക്‌സ് സാസൂൺ'. രണ്ട് ലേലക്കാർ തമ്മിലുള്ള നാല് മിനിറ്റ് പോരാട്ടത്തിന് ശേഷമാണ് സോത്ത്ബി ഇത് വിറ്റതെന്ന് ലേല ഏജൻസി പറഞ്ഞു. മുൻ യു.എസ് നയതന്ത്രജ്ഞൻ ആൽഫ്രഡ് മോസസാണ് ബൈബിൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇത് ഇസ്രായേലിലെ ടെൽ അവീവിലുള്ള എ.എൻ.യു ജൂത പീപ്പിൾ മ്യൂസിയത്തിന് സമ്മാനിക്കും.

ഹീബ്രു ബൈബിൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പുസ്തകമാണ്. പാശ്ചാത്യ നാഗരികതയുടെ അടിത്തറയാണ്. അത് ജൂത ജനതയുടേതാണെന്നറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നെന്ന് ബിൽ ക്ലിൻൻറെ കാലത്ത് യുഎസ് അംബാസഡറായിരുന്ന മോസസ് പറഞ്ഞു.

ഇതുവരെ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ ചരിത്രരേഖ യുഎസ് ഭരണഘടനയുടെ ആദ്യ പ്രിൻറുകളിലൊന്നാണ്. 2021 നവംബറിൽ സോത്ത്ബി 43 മില്യൺ ഡോളറിനാണ് ഇതു വിറ്റത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രരചനകൾ അടങ്ങിയ ശാസ്ത്രീയ രചനകളുടെ ഒരു ശേഖരമായ കോഡെക്‌സ് ലെയ്‌സെസ്റ്ററിനായി 1994 ൽ ബിൽ ഗേറ്റ്‌സ് 30.8 മില്യൺ ഡോളർ നൽകിയിരുന്നു. ഇതാണ് നിലവിൽ രണ്ടാം സ്ഥാനത്തുണ്ടായ മൂല്യവത്തായ ചരിത്രരേഖ. ഈ റെക്കോഡാണ് കോഡെക്‌സ് സാസൂൺ മറികടന്നത്.

1929 ൽ ബൈബിൾ സ്വന്തമാക്കുകയും പിന്നീട് 20-ാം നൂറ്റാണ്ടിൽ ജൂഡൈക്ക, ഹെബ്രൈക്ക എന്നീ കൈയെഴുത്തുപ്രതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ശേഖരങ്ങളിലൊന്ന് കൂട്ടിച്ചേർക്കുകയും ചെയ്ത ബൈബിളിന്റെ മുൻ ഉടമ ഡേവിഡ് സോളമൻ സാസൂണിനോടുള്ള ബഹുമർത്ഥമാണ് കോഡെക്സ് സാസൂൺ എന്ന് പേര് നൽകിയിരിക്കുന്നത്.

ഒൻപതാം നൂറ്റാണ്ടിലെ ചാവുകടൽ ചുരുളുകളുടെയും മറ്റ് യഹൂദ വാമൊഴി പാരമ്പര്യത്തെയും ഇന്നത്തെ ഹീബ്രു ബൈബിളിന്റെ ആധുനികമായി അംഗീകരിക്കപ്പെട്ട രൂപത്തെയും ബന്ധിപ്പിക്കുന്ന ഒരു നിർണായക രേഖയാണിത്. ഈ അടുത്ത കാലം വരെ ഇത് സ്ഥിരീകരിക്കാനായി കോഡെക്‌സ് സാസൂണിന്റെ കാർബൺ കാലപ്പഴക്കത്തെക്കുറിച്ചുള്ള രേഖകൾ നിലവിലെ ഉടമസ്ഥനായ കളക്ടർ ജാക്വി സഫ്രയുടെ പക്കൽ ഉണ്ടായിരുന്നില്ല.

എന്നാൽ അടുത്തിടെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും കാർബൺ കാലപ്പഴക്കം എത്രയാണ് എന്നത് കണ്ടെത്തുകയുമായിരുന്നു. പരിശോധനയിൽ ഒൻപതാം നൂറ്റാണ്ടിലുള്ളതാണ് ഈ ചരിത്ര പ്രാധാന്യമുള്ള ബൈബിൾ എന്ന് വ്യക്തമായതായും സോത്ത്ബൈസ് വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.