റോം: കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറ്റലി വെള്ളത്തിൽ മുങ്ങി. 100 വർഷത്തിനിടെ ഇറ്റലിയെ ബാധിച്ച ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ വടക്കൻ എമിലിയ-റൊമാഗ്ന മേഖലയിൽ പതിമൂന്ന് പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്‌തു. 2018ൽ കേരളത്തിലുണ്ടായതിന് സമാനമായൊരവസ്ഥയാണ് ഇപ്പോൾ ഇറ്റലിയിലും.
ചില പ്രദേശങ്ങളിൽ വെറും 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതിയോളം ലഭിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്‌തുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.
41 നഗരങ്ങളെയും പട്ടണങ്ങളെയും വെള്ളപ്പൊക്കം വിഴുങ്ങി. 23 നദികൾ കരകവിഞ്ഞൊഴുകുകയും 280 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് 20,000ത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി. ബൊലോഗ്ന നഗരത്തിനടുത്തുള്ള ഒരു പാലവും തകർന്നു, ചില റോഡുകൾ വെള്ളപ്പൊക്കത്തിൽ പൂർണമായും ഇല്ലാതായി. ഇതിന് പുറമെ മേഖലയിൽ പല റെയിൽ സർവീസുകളും നിർത്തിവച്ചു.
ഫോർലി - സെസീന പ്രവിശ്യയിലെ കുഗ്രാമമായ കാവയിലെ വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധ ദമ്പതികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. വീട്ടിലേക്ക് സാധനങ്ങൾ എടുക്കാൻ പോയ 80 വയസുകാരൻ നിലവറയിൽ മുങ്ങിമരിച്ചു. ഔഷധസസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ ഉടമകളായ സൗരോ മാനുസിയും മരിനെല്ല മറാൽഡിയും എന്ന ദമ്പതികൾ വീടിന് എതിർവശത്തുള്ള വെള്ളപ്പൊക്കത്തിൽ പെട്ടു. എഴുപതുകാരനായ മറാൽഡിയുടെ മൃതദേഹം അഡ്രിയാറ്റിക് തീരത്തെ കടൽത്തീരത്തു നിന്നും കണ്ടെത്തി. തോട്ടത്തിൽ മണ്ണിടിഞ്ഞ് 76 വയസ്സുള്ള ഒരാൾ മരിച്ചു, 43 വയസ്സുള്ള മറ്റൊരാൾ തന്റെ വസ്തുവിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണു മരിച്ചു.
അഗ്നിശമന സേനാംഗങ്ങൾ മേഖലയിലുടനീളവും വെള്ളപ്പൊക്കം ബാധിച്ച സെൻട്രൽ മാർച്ചെയുടെ ചില ഭാഗങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടത്തി. മേൽക്കൂരയിൽ അഭയം തേടിയ വയോധികരെ ഹെലികോപ്റ്ററുകളിൽ രക്ഷിച്ചു. ഞങ്ങൾ രാത്രി മുഴുവൻ കോരിച്ചൊരിയുന്ന മഴയിൽ ജോലി ചെയ്തു. ചില സന്ദർഭങ്ങളിൽ, ഞങ്ങൾ പ്രായമായവരെയും വികലാംഗരെയും കൈകളിൽ താങ്ങി ഒരു ഡിങ്കിയിൽ രക്ഷാപ്രവർത്തകരുടെ അടുത്തേക്ക് കൊണ്ടുവന്നു അവർ അവരെ അഭയകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയെന്ന് സന്നദ്ധ പ്രവർത്തകനായ പൗലോ മെയോനി പറഞ്ഞു
വെള്ളത്തിന്റെ ഉയരം 40 സെന്റിമീറ്ററായിരുന്നു, എന്നാൽ രാവിലെ 6 മണി വരെ നീണ്ടുനിന്ന കനത്ത മഴ കാര്യങ്ങൾ കൂടുതൽ വഷളാക്കി. എമിലിയ-റൊമാഗ്‌നയുടെ പ്രസിഡന്റ് സ്റ്റെഫാനോ ബൊണാച്ചിനി 2012-ൽ 28 പേർ മരിക്കാനിടയായ ഭൂകമ്പവുമായി വെള്ളപ്പൊക്കത്തെ താരതമ്യപ്പെടുത്തി.
വെള്ളപ്പൊക്കം വീടുകളും കടകളും നശിപ്പിക്കുകയും 5,000-ത്തിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തതായി ഇറ്റലിയിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ കോൾഡിറെറ്റി പറഞ്ഞു. ഒരു നൂറ്റാണ്ടിനിടെ ഇറ്റലിയെ ബാധിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് കാലാവസ്ഥാ വിദഗ്ധരുടെ കൂട്ടായ്മയായ ആംപ്രോയുടെ പ്രസിഡന്റ് പിയർലൂഗി റാണ്ടി ലാ പറഞ്ഞു. മെയ് ആദ്യം എമിലിയ - റൊമാഗ്നയിലും മാർച്ചെയുടെ ചില ഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. ആറ് മാസത്തെ മഴ വെറും രണ്ടാഴ്ച കൊണ്ട് പെയ്തു.
വെള്ളപ്പൊക്കത്തിന് മുമ്പ് എമിലിയ-റൊമാഗ്നയും വടക്കൻ ഇറ്റലിയിലെ മറ്റ് പ്രദേശങ്ങളിലും കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്നു. ഇറ്റലിയിലെ ഏറ്റവും ചൂടേറിയ വർഷമായ 2022 ൽ കനത്ത ചൂടിൽ 29 പേർ മരണപ്പെട്ടിരുന്നു. ആദ്യകാല ക്രിസ്ത്യൻ പൈതൃക സ്ഥലങ്ങൾക്ക് പേരുകേട്ട അഡ്രിയാറ്റിക് തീരദേശ നഗരമായ റവെന്നയെ കെടുതി മോശമായി ബാധിച്ചു. ഏകദേശം 14,000 പേരെ പ്രദേശത്ത് നിന്ന് എത്രയും വേഗം ഒഴിപ്പിക്കേണ്ടിവരുമെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയ പ്രതിനിധി അറിയിച്ചതായി വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
മഴയ്ക്ക് ശമനമുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് മേഖലയുടെ വൈസ് പ്രസിഡന്റ് ഐറിൻ പ്രിയോലോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരിതാശ്വാസ നടപടികൾ പരിഗണിക്കുന്നതിനായി മെയ് 23ന് യോഗം ചേരുമ്പോൾ ദുരിതബാധിത പ്രദേശത്തിനായി 20 ദശലക്ഷം യൂറോ (22 മില്യൺ ഡോളർ) അനുവദിക്കാൻ മന്ത്രിസഭയോട് ആവശ്യപ്പെടുമെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി മുസുമെസി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ നികുതിയും മോർട്ട്ഗേജ് പേയ്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.