കെഎസ്ആർടിസിയിൽ യാത്രക്കാരൻ ടിക്കറ്റ് എടുത്തില്ലെങ്കിൽ കണ്ടക്ടറുടെ കീശ കാലിയാകും

കെഎസ്ആർടിസിയിൽ യാത്രക്കാരൻ ടിക്കറ്റ് എടുത്തില്ലെങ്കിൽ കണ്ടക്ടറുടെ കീശ കാലിയാകും

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടറിൽ നിന്ന് പിഴ ഈടാക്കാൻ ഉത്തരവ്. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇത് കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, യാത്രക്കാരെ സ്‌റ്റോപ്പിൽ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും. കെഎസ്ആർടിസി ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനുമായി മാനേജിങ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുപ്പത് യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ് പിഴയീടാക്കുക. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപയും 48-ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയും പിഴയീടാക്കും. നേരത്തെ യാത്രക്കാരൻ ടിക്കറ്റെടുക്കാതിരുന്നാൽ കണ്ടക്ടർക്ക് സസ്‌പെൻഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവർത്തിച്ചാൽ പിഴയും നിയമനടപടിയും നേരിടണം.

സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ തെളിഞ്ഞാൽ ജീവനക്കാർ പിഴയായി 500 രൂപ നൽകണം. കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാകുകയും വേണം. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടയിനത്തിൽ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.