ഭരണകൂട വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്ന് പേരെക്കൂടി തൂക്കിലേറ്റി

ഭരണകൂട വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്ന് പേരെക്കൂടി തൂക്കിലേറ്റി

ടെഹ്റാന്‍: കഴിഞ്ഞ വര്‍ഷം രാജ്യത്ത് അരങ്ങേറിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ അറസ്റ്റിലായ മൂന്ന് പേരെക്കൂടി ഇറാന്‍ തൂക്കിലേറ്റി. മജീദ് കാസെമി (30), സലേഹ് മിര്‍ഹാഷെമി (36), സയീദ് യാക്കൂബി (37) എന്നിവരെയാണ് ഇന്നലെ തൂക്കിലേറ്റിയത്.

കഴിഞ്ഞ നവംബര്‍ 16 ന് ഇസ്ഫഹാന്‍ നഗരത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് സംഭവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്. ജനുവരിയില്‍ കോടതി വധശിക്ഷ വിധിച്ചു. ഇവരുടെ വിചാരണ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും കസ്റ്റഡിയില്‍ നിരവധി ക്രൂരതകള്‍ നേരിട്ടതായും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

മൂവരും നിരപരാധികളായിരുന്നെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും തൂക്കിലേറ്റിയിരുന്നു. ഇനിയും നിരവധി പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബറിലാണ് രാജ്യ വ്യാപകമായി ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.