ഡിമെന്‍ഷ്യ ബാധിതയായ 95 വയസുകാരിക്കു ഓസ്‌ട്രേലിയന്‍ പോലീസിന്റെ മര്‍ദനം; വയോധിക അതീവ ഗുരുതരാവസ്ഥയില്‍

ഡിമെന്‍ഷ്യ ബാധിതയായ 95 വയസുകാരിക്കു ഓസ്‌ട്രേലിയന്‍ പോലീസിന്റെ മര്‍ദനം; വയോധിക അതീവ ഗുരുതരാവസ്ഥയില്‍

സംഭവത്തില്‍ പോലീസിനു വീഴ്ച്ച സംഭവിച്ചതായി വിമര്‍ശനം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തില്‍ ഡിമെന്‍ഷ്യ ബാധിതയായ 95 വയസുകാരിക്കു നേരെയുണ്ടായ പോലീസ് മര്‍ദനത്തെതുടര്‍ന്ന് നിലത്തു വീണ വയോധിക ഗുരുതരാവസ്ഥയില്‍. ന്യൂ സൗത്ത് വെയില്‍സിലെ സ്‌നോവി മൗണ്ടന്‍സിലുള്ള വയോജന സംരക്ഷണ കേന്ദ്രത്തിലാണ് പോലീസിന്റെ അതിക്രമമുണ്ടായത്.

ക്ലെയര്‍ നൗലാന്‍ഡ് എന്ന സ്ത്രീയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. നിലത്ത് തലയിടിച്ച് വീണ വയോധിക അതീവ ഗുരുതരാവസ്ഥയില്‍ കൂമ ബേസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. തലയോട്ടിക്ക് പൊട്ടലും മസ്തിഷ്‌ക രക്തസ്രാവവുമുണ്ടായിട്ടുണ്ട്. സംഭവത്തിനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ അടുക്കളയില്‍ നിന്ന് ലഭിച്ചൊരു കത്തിയുമായി ക്ലെയര്‍ നൗലാന്‍ഡ് നടക്കുന്നുവെന്ന് ഫോണ്‍ കോള്‍ ലഭിച്ചതിനെതുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയത്. കത്തി താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ വയോധിക തയാറായില്ല. തുടര്‍ന്ന് ഒരു സീനിയര്‍ കോണ്‍സ്റ്റബിള്‍ വയോധികയ്ക്കു നേരെ ഇലക്ട്രിക് ആയുധം പ്രയോഗിക്കുകയായിരുന്നു. ഷോക്കേറ്റ് നിലത്തു വീണ വയോധികയുടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥനു നേരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 12 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്.

നേരേ നടക്കാന്‍ പോലും പരസഹായം ആവശ്യമുള്ള, മറവി രോഗമുള്ള വയോധിക കത്തിയെടുത്തത് ഇത്രമാത്രം ഭീഷണിയായി പോലീസ് ഉദ്യോഗസ്ഥന് തോന്നിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. ഏകദേശം 43 കിലോഗ്രാം മാത്രം ഭാരമുള്ള ദുര്‍ബലയായ വയോധികയെ കീഴടക്കാന്‍ പോലീസ് ആയുധം പ്രയോഗിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ വാര്‍ത്തയായിട്ടുണ്ട്.

തെക്കന്‍ ന്യൂ സൗത്ത് വെയില്‍സ് പട്ടണത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ക്ലെയര്‍ നൗലാന്‍ഡ് എന്ന് അവരുടെ കുടുംബം പറയുന്നു. എട്ട് മക്കളും 24 പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ അംഗമാണ് ക്ലെയര്‍. അഞ്ച് വര്‍ഷത്തിലേറെയായി വയോധിക നഴ്‌സിംഗ് ഹോമില്‍ താമസിക്കുന്നു. 2008-ല്‍ 80-ാം ജന്മദിനത്തില്‍ കാന്‍ബറയില്‍ സ്‌കൈ ഡൈവിംഗ് നടത്തി ഇവര്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തില്‍ ബഹുമാന്യയായ വയോധികയ്ക്കു നേരെയുണ്ടായ പോലീസ് അതിക്രമം പ്രാദേശിക സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 'തങ്ങള്‍ ഈ വിഷയം അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പീറ്റര്‍ കോട്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോയും ഓഡിയോയും പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.