വിശ്വാസ ലംഘനം: ഗൂഗിളിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം

വിശ്വാസ ലംഘനം: ഗൂഗിളിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം

ന്യൂഡല്‍ഹി: ഗൂഗിളിനെതിരേ നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. വിശ്വാസ ലംഘനം ആരോപിച്ചാണ് നടപടി. ആല്‍ഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍, തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കുറ്റക്കാരാണെന്ന് സര്‍ക്കാരിന്റെ വിദഗ്ധസമിതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഗിളിനെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുകയായിരുന്നു.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് കഴിഞ്ഞ വര്‍ഷം 27.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം എന്ത് നടപടിയാണെടുക്കാന്‍ പോകുന്നതെന്ന് വരും ആഴ്ചകളിലെ വ്യക്തമാകൂ. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് മന്ത്രി ഓര്‍മിപ്പിച്ചു. ഉപേയോക്താവിന്റെ അവകാശത്തെയോ സൗഹൃദപരമായ മത്സരാന്തരീക്ഷത്തെയോ ഇല്ലാതാക്കുന്ന തരത്തിലുള്ള വളര്‍ച്ചയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

62 കോടി സ്മാര്‍ട്ട് ഫോണുകളുള്ള ഇന്ത്യയിലെ 97 ശതമാനവും ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ മറ്റ് കമ്പനികളും രാജ്യത്ത് മത്സരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേസുകള്‍ നേരിടുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.