ഡാളസ്: ഡാളസ് സെന്റ് തോമസ് സീറോമലബാർ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള ധന ശേഖരണം നടന്നു. കെനിയയിലെ ഹോളി ഫാമിലി ചിൽഡ്രൻസ് ഹോമിനു വേണ്ടി നടത്തിയ ചാരിറ്റി പ്രൊജക്ട്, മിഷിൻ ലീഗ് ഭാരവാഹികളുടെയും ആനിമേറ്ററുടെയും നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. 'ചോക്ലേറ്റ് ഡിപ് സ്ട്രോബറി' വിൽപനയിലൂടെ നടത്തിയ ധനസമാഹരണം, വർഷം തോറും നടത്തിവരാറുള്ള ഫണ്ട് റെയ്സിംഗ് പ്രൊജക്ടിന്റെ ഭാഗമായാണ് നടത്തപ്പെട്ടത്.


മാതൃ ദിനത്തിൽ അമ്മമാർക്ക് സമ്മാനം നൽകാൻ അതീവ രഹസ്യമായാണ് പിതാക്കന്മാരിൽ നിന്നും മുൻകൂട്ടി ഓർഡർ സ്വീകരിച്ച് കുട്ടികൾ പദ്ധതി തയ്യാറാക്കിയത്. വി കുർബാനയ്ക്ക് ശേഷം സ്ട്രോബെറി ഡിപ് ബോക്സ് അമ്മമാർക്ക് കൊടുത്ത് അവരെ ' സർപ്രൈസ്' ചെയ്യിക്കാൻ കുട്ടികൾക്കായി. മിഷൻ ലീഗ് ഭാരവാഹികളായ ആഞ്ചല ഷാജി, നിയ ബെന്നി, ബിയാട്രിസ് ബെന്നി, ജിയ ജോർജ്, ഹന്ന സെബാസ്റ്റ്യൻ എന്നിവരും ആനിമേറ്ററായ ഡാളസ് ആരാധനമഠം മദർ സുപ്പീരിയർ സിസ്റ്റർ മരിയ തെങ്ങുംതോട്ടം SABS, കോർഡിനേറ്റർമാരായ മിനി ഷാജി, ആനി നെല്ലിക്കുന്നേൽ എന്നിവരും ചേർന്ന് പദ്ധതിക്ക് നേതൃത്വം നൽകി. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ പൂർണ പിന്തുണ കുട്ടികൾക്ക് പ്രോത്സാഹനമായി. ആ സമയത്ത് ഇടവകയിലുണ്ടായിരുന്ന ബിഷപ്പ് എമിറ്റേസ് മാർ ജേക്കബ് അങ്ങാടിയേത്ത് (ചിക്കാഗോ രൂപത മുൻ ബിഷപ്പ്) പ്രവർത്തനത്തിൽ കുട്ടികളോടൊപ്പം പങ്കുചേർന്നത് കുട്ടികൾക്ക് പ്രചോദനമായി.


3000 സ്ട്രോബറികളാണ് ഈ പദ്ധതിക്കായി വിനിയോഗിച്ചത്. കുട്ടികൾ തനിയെ കഴുകി വൃത്തിയാക്കിയ സ്ട്രോബറി ഉപയോഗിച്ചാണ് സ്ട്രോബറി ഡിപ് ഉണ്ടാക്കിയത്. ഏതാണ്ട് മുന്നൂറോളം ബോക്സുകൾ ഇവർ വില്പനയ്ക്കായി തയാറാക്കി. ഇതിനു നേതൃത്വം നൽകിയത് പ്രിനി സെബാസ്റ്റ്യൻ, സുമി സന്തോഷ് എന്നിവരാണ്. രേഖ ബെന്നി, ജൊവാൻ സെബാസ്റ്റ്യൻ സി ക്ലെറിൻ കൊടിയന്തറ SABS, സി സ്നേഹ റോസ് കുന്നേൽ SABS എന്നിവരും നേതൃത്വം കൊടുക്കാൻ മുൻനിരയിലുണ്ടായിരുന്നു. 3700 ഡോളർ ആണ് ഈ ഒരു പദ്ധതിയിലൂടെ കുട്ടികൾ സ്വരൂപിച്ചത്.


ഹോളി ഫാമിലി ചിൽഡ്രൻസ് ഹോം
ബിഷപ്പ് മാർ കുര്യാളശ്ശേരിയാൽ ചമ്പക്കുളത്ത് സ്ഥാപിക്കപ്പെട്ട ആരാധന മഠത്തിലെ സന്യാസിനികളാണ് കെനിയയിലെ ഹോളി ഫാമിലി ചിൽഡ്രൻസ് ഹോം നടത്തുന്നത്. അനാഥരായ കുട്ടികൾക്കും എച്ച്ഐവി/എയ്ഡ്സ് ബാധിച്ച കുട്ടികൾക്കും പരിചരണം നൽകുന്നതിനായി 2014ൽ ഹോളി ഫാമിലി ചിൽഡ്രൻസ് ഹോം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ അന്തേവാസികളായുള്ളത്.

ആശുപത്രിയിൽ നിന്ന് ലഭിച്ചതോ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോ ആയ ഒരു വയസിൽ താഴെയുള്ള ഒമ്പത് കുട്ടികളും ഒന്ന് മുതൽ നാല് വരെ പ്രായമുള്ളയുള്ള 20 കുട്ടികളും അഞ്ച് മുതൽ ഏഴ് വയസ്സുവരെയുള്ള പന്ത്രണ്ട് കുട്ടികളും എട്ട് മുതൽ 14 വയസ്സുവരെയുള്ള 35 കുട്ടികളും ഈ സ്ഥാപനം ഒരുക്കിയിരിക്കുന്ന തണലിൽ കഴിയുന്നു. സിസ്റ്റർ റോസ്ബെൽ ചാലിശേരി, സിസ്റ്റർ മേഴ്സി ജോ ചക്കിമംഗലത്ത്, സിസ്റ്റർ എലിസബത്ത് മരിയ എന്നിവരാണ് ഹോളി ഫാമിലി ചിൽഡ്രൻസ് ഹോമിന്റെ ഇപ്പോഴത്തെ മേലധികാരികൾ. സിസ്റ്റർ മേഴ്സി കല്ലടയാണ് ഈസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസിന്റെ സുപ്പീരിയർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.