മലയാളികളുടെ പ്രിയ ലാലേട്ടന്‍ 63ന്റെ നിറവില്‍

മലയാളികളുടെ പ്രിയ ലാലേട്ടന്‍ 63ന്റെ നിറവില്‍

കൊച്ചി: സര്‍ ജീവിക്കാന്‍ ഇപ്പം ഒരു മോഹം തോന്നുന്നു; അതുകൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ ...? 35 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ ഇന്നും വിഷ്ണുവിന്റെ ഈ ചോദ്യം മറന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് പറയുന്നത് ചില കഥാപാത്രങ്ങള്‍ ജീവിക്കു നെന്ന്. മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രത്തിലെ കഥാന്ത്യത്തിലെ നായകന്റെ തളം കെട്ടിയ ദുഖത്തിനും മങ്ങിപോയ പ്രതീക്ഷയ്ക്കും നടുവില്‍ നില്‍ക്കുമ്പോള്‍ പറയുന്ന ഭാഗമാണ്.

നടന വിസ്മയമായി മലയാളികളുടെ മനസ്സില്‍ എന്നും എക്കാലത്തും ചിരകാല പ്രതിഷ്ഠ നേടിയ മലയാളത്തിന്റെ നടന വിസ്മയമായ മോഹന്‍ലാല്‍ 63 വയസിലേക്ക്. മലയാള ചലച്ചിത്ര ശാഖയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നായകനായും വില്ലനായും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് കുറച്ച് ഏറെ കഥാപാത്രങ്ങളും നമ്മുടെ മനസിലേക്ക് ഓടിയെത്തും. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഖൂര്‍ക്ക, താളവട്ടത്തിലെ മനോരോഗി, വെള്ളാനകളുടെ നാടിലെ സകോണ്‍ട്രാക്ടര്‍ സി.പി ആ നിര അങ്ങനെ നീണ്ടു പോകുന്നു.

അതുമാത്രമല്ല മനസില്‍ ഓര്‍ത്തു വെയ്ക്കുന്ന കുറെയേറെ സംഭാഷണ ശകലങ്ങള്‍ക്ക് ജീവന്‍ നല്‍കിയതിന് പിന്നിലും മോഹന്‍ലാല്‍ എന്ന മഹാനടന്‍ തന്നെ. ദാസനും വിജയനും മലയാളത്തില്‍ മൂന്നു തവണ മലയാളികളെ ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. എന്താ നമുക്കിത് നേരത്തെ തോന്നാതിരുന്നത് ... എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ... പിന്നീട് അങ്ങോട്ട് നല്ല നല്ല കഥാപാത്രങ്ങള്‍. കടം കൊണ്ടു ഭാരപ്പെടുന്ന വീട്ടു ഉടമസ്ഥന്‍ മുതല്‍ പുലിമുരുകനിലെ മുരുകന്‍ എന്ന കഥാപാത്രത്തെ വരെ മലയാളികള്‍ സ്വീകരിച്ചു.

ഏതു വേഷവും അനായാസം ചെയ്യാമെന്നുള്ള മനക്കരുത്ത് കൈമുതലായുള്ളിടത്തോളം കാലം ഈ നടന്‍ എന്നും മലയാളികളുടെ മനസ്സില്‍ എക്കാലവും ഇടം പിടിക്കും. പുതിയ തലമുറയില്‍ എത്രയെത്ര താരങ്ങള്‍ വന്നുപോയി. പക്ഷേ ഇന്നും 80കളിലെ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരും ഇപ്പോഴും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മനസ്സില്‍ സ്വീകരിക്കുന്നവരും കുറവല്ല.

എന്നാല്‍, മലയാളിയുടെ പ്രിയപ്പെട്ട ലാലേട്ടന്‍ സണ്ണി എന്ന കഥാപാത്രത്തെ ഒത്തിരി പ്രാവശ്യം അനശ്വരമാക്കിയിട്ടുണ്ട്. ആദ്യമായി ലാലേട്ടന്‍ സണ്ണി ആയത് പ്രിയ ഫിലിംസിന്റെ ബാനറില്‍ എന്‍.പി അബൂ നിര്‍മിച്ച ബാലു കിരിയത്ത് സംവിധാനം ചെയ്ത വിസയിലായിരുന്നു. പിന്നീട് 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയിലും കമലിന്റെ ഉള്ളടക്കത്തിലും ഫാസിലിന്റെ മണിചിത്രത്താഴിലും ഐ.വി ശശിയുടെ വര്‍ണ്ണപകിട്ടിലും പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലും സണ്ണിയായി എത്തി.

ലാലേട്ടന്റെ സണ്ണിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട് അതിന്റെ ഉത്തമ ഉദാഹരണമാണ് മണിച്ചിത്രത്താഴിലെ സണ്ണി. മാടമ്പിള്ളിയിലെ മനോരോഗിയായ ഗംഗയെ ചികിത്സിക്കാനായി അമേരിക്കയില്‍ നിന്നും ശബരിമല വഴി വന്ന ഡോ. സണ്ണി. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ എല്ലാ ഭാവങ്ങളും നര്‍മ്മങ്ങളും ഉള്‍പ്പെടുത്തി അദ്ദേഹം ആ കഥാപാത്രത്തെ അനശ്വരമാക്കി.
പക്ഷേ ഐ.വി ശശിയുടെ വര്‍ണ്ണപകിട്ടിലെ സണ്ണി അത്യാവശ്യ സാമ്പത്തികമുള്ള ഒരു കഥാപാത്രമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ സിംഗപ്പൂരില്‍ എത്തിയ സണ്ണി നാട്ടിലുള്ള തന്റെ കുടുംബത്തിനായി അധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു.

ഗാനരംഗങ്ങളില്‍ അവിസ്മരണീയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കും എന്നുള്ളത് ഒരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. ഇന്നത്തെ യുവനടന്മാര്‍ പോലും കിടഞ്ഞ് പരിശ്രമിച്ചാലും അദ്ദേഹം തന്റെ മെയ് വഴക്കത്തിന് മുന്നില്‍ പരാജയപ്പെടും. ഫാസിലിന്റെ ഹരികൃഷ്ണനിലെ കൃഷ്ണന്‍; ബുദ്ധിയും സാമര്‍ത്ഥ്യം ഉള്ള ഒരു അഭിഭാഷകന്‍ മാത്രമല്ല മറിച്ച് താനൊരു നല്ല കാമുകന്‍ ആണെന്ന് ഗാന രംഗങ്ങളിലൂടെ തെളിയിച്ചു.

മോഹന്‍ലാല്‍ - ശോഭന , പിന്നീട് മോഹന്‍ലാല്‍ - മീന ഈ കൂട്ടുകെട്ടിലെ ചിത്രങ്ങളൊക്കെയും വമ്പന്‍ ഹിറ്റുകള്‍ ആയിരുന്നു. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിരീടത്തിലെ സേതുമാധവനെ ഒരിക്കലും മലയാളികള്‍ മറക്കില്ല. ഒരു പൊലീസുകാരനാകാന്‍ ആഗ്രഹിച്ചിട്ട് അത് സാധിക്കാതെ വന്ന ചെറുപ്പക്കാരന്‍ പിന്നീട് നാട്ടില്‍ അറിയപ്പെടുന്ന ഒരു ചട്ടമ്പിയാകുന്നു. സേതുമാധവന്റെ സകല സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞത് കീരിക്കാടന്‍ ജോസിനെ കൊല്ലുന്ന സംഭവത്തോടെയാണ്. അതിന് ശേഷം എല്ലാം തകര്‍ന്നെന്നറിഞ്ഞ സേകു മാധവന്‍ പൊട്ടി കരയുന്നതു കണ്ടാല്‍ കണ്ണീരണിയാത്തവര്‍ ചുരുക്കമാണ്.

ദേവാസുരം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാംതമ്പുരാന്‍, ഉസ്താദ്, നരസിംഹം ഇതൊന്നും മലയാളികള്‍ ഉള്ളടത്തോളം കാലം അല്ലെങ്കില്‍ ഇപ്പോഴുള്ള തലമുറകള്‍ പോലും ഈ ചിത്രങ്ങളൊക്കെ കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനോട് ആരാധന ജനിക്കുന്നു. 1997ല്‍ മോഹന്‍ലാലിന്റെ ഗുരു എന്ന ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനായി പട്ടികയില്‍ ഇടം നേടിയിരുന്നു. രാജീവ് അഞ്ചലാണ് ഗുരുവിന്റെ സംവിധായകന്‍. ഒരേ ചലച്ചിത്രത്തില്‍ തന്നെ അച്ഛനായി മകനായും വേഷമിട്ടു. അതായിരുന്നു മംഗലശേരി നീലകണ്ഠനും മംഗലശേരി കാര്‍ത്തികേയനും. അങ്ങനെ പറയുവാനാണെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്.

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍ കഥാപാത്രമായ നരേന്ദ്രനായി എത്തി ഇപ്പോള്‍ മലൈക്കോട്ട വാലിബനില്‍ വരെ എത്തി നില്‍ക്കുന്ന അഭിനയ ചരിത്രത്തിന്റെ ഉടമ.

വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും മകനനായി 1960 മേയ് 21നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും എംജി കോളേജിലുമായി പഠനം പൂര്‍ത്തീകരിച്ചു.

മലയാളികള്‍ ഒരു ദിവസം കൊണ്ട് ഓര്‍ത്താലും ഓര്‍ത്താലും മതിവരാത്ത അത്രയും ചിത്രങ്ങളില്‍ അഭിനയിച്ച അഭിനയ പ്രതിഭ. ഇനിയും ഒരുപാട് കാലം നല്ല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് എക്കാലത്തും ഓര്‍ത്തുവെക്കാനായി തിരശീലയില്‍ അവതരിപ്പിക്കുവാന്‍ ഈ മഹാനടന വിസ്മയത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.