ഇറ്റലി പ്രളയക്കെടുതിയിൽ, മാറി നിൽക്കാൻ സാധിക്കില്ല; ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ ഇറ്റാലിയൻ പ്രധാനമന്ത്രി മടങ്ങി

ഇറ്റലി പ്രളയക്കെടുതിയിൽ, മാറി നിൽക്കാൻ സാധിക്കില്ല; ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ ഇറ്റാലിയൻ പ്രധാനമന്ത്രി മടങ്ങി

റോം: ഇറ്റലിയിലെ വടക്കു കിഴക്കൻ മേഖലകളിൽ കനത്തനാശം വിതച്ച പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 14 ആയി. പ്രളയബാധിതമേഖലകളിൽനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒട്ടേറെ വീടുകൾ ഒലിച്ചുപോയി. എമിലിയ റൊമാഗ്ന മേഖലയിൽ റെഡ് അലർട്ട് നീട്ടിയ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. അടിയന്തരാവസ്ഥ നേരിടാൻ ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടി പൂർത്തിയാക്കാതെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മടങ്ങി. സങ്കീർണ്ണമായ ഈ നിമിഷത്തിൽ എനിക്ക് ഇറ്റലിയിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന് മെലോണി പറഞ്ഞു.

36,000-ത്തിലധികം ആളുകളെ വീടുകളിൽ നിന്നും മാറ്റിയതായിഉദ്യോഗസ്ഥർ പറഞ്ഞു, പല വീടുകളെയും വെള്ളം വിഴുങ്ങി. മണ്ണിടിച്ചിലിൽ പല ​ഗ്രാമങ്ങളും നഷ്ടമായി. എമിലിയ റൊമാഗ്ന മേഖലയിലെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും തെരുവുകളെ വെള്ളപ്പൊക്കം നദികളാക്കി മാറ്റി.

‘ഇറ്റലിയുടെ തോട്ടം’ എന്നറിയപ്പെടുന്ന പ്രധാന കാർഷികോത്പാദനമേഖലകളിൽ പതിനായിരത്തിലധികം ഹെക്ടർ മുന്തിരിപ്പാടവും പഴവർഗകൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. 5000 കൃഷിഫാമുകൾ പൂർണമായും നശിച്ചു. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ 27,000-ത്തിലധികം ആളുകൾ ഇരുട്ടിൽക്കഴിയുകയാണ്. കഴിഞ്ഞ നൂറുവർഷത്തിനിടെ ഇറ്റലിയിലുണ്ടാകുന്ന ഏറ്റവുംവലിയ പ്രളയമാണിതെന്നാണ് വിലയിരുത്തൽ. ഒരാഴ്ചയായി തുടരുന്ന കനത്തമഴയിൽ ഇറ്റലിയിലെ 24 നദികളാണ് കരകവിഞ്ഞത്. താഴ്ന്നപ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആറുമാസംകൊണ്ട് ലഭിക്കേണ്ട മഴയാണ് 36 മണിക്കൂറിനുള്ളിൽ പെയ്തത്.

അപകടസാധ്യതയുള്ള കൂടുതൽ കുഗ്രാമങ്ങളിൽ നിന്ന് ഉടൻ ആളുകളെ ഒഴിപ്പിക്കാൻ ശനിയാഴ്ച റവണ്ണയിലെ അധികൃതർ ഉത്തരവിട്ടിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഹെലികോപ്റ്റർ ശനിയാഴ്ച ലുഗോയ്ക്ക് സമീപം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന നാലുപേരിൽ ഒരാൾക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.

എമിലിയ-റൊമാഗ്ന മേഖലയിൽ 36 മണിക്കൂറിനുള്ളിൽ സാധാരണ ആറ് മാസം കൊണ്ടു പെയ്യുന്ന മഴ രണ്ടാഴ്ചക്കുള്ളിൽ പെയ്തു. രാജ്യം ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും മോശമായ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിൽ 305-ലധികം മണ്ണിടിച്ചിൽ ഉണ്ടാകുകയും 500-ലധികം റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകിയതിനാൽ വയലുകളിലേക്ക് വെള്ളം കയറാൻ തുടങ്ങിയെന്ന് ഇലക്ട്രീഷ്യൻ മൗറോ ലോഡോല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.