ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും ഡല്‍ഹി സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് മറികടന്ന് ദേശീയ തലസ്ഥാന സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കെജരിവാള്‍ കൂടിക്കാഴ്ച നടത്തി.
'സര്‍ക്കാര്‍ രൂപീകരിച്ച ഉടന്‍ കേന്ദ്രം തങ്ങളുടെ എല്ലാ അധികാരവും എടുത്തു കളഞ്ഞു. എട്ട് വര്‍ഷം ഞങ്ങള്‍ പോരാടി ഒടുവില്‍ സുപ്രീം കോടതിയില്‍ വിജയിച്ചു. എന്നാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ ഒരു തമാശയാക്കി മാറ്റി'-അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഇല്ലാത്തിടത്തെല്ലാം അവര്‍ എംഎല്‍എമാരെ വാങ്ങുകയോ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ഏജന്‍സികളെ ഉപയോഗിക്കുകയോ ചെയ്യുന്നു. അല്ലെങ്കില്‍ ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ ബിജെപിയെ തോല്‍പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു അതൊരു വലിയ അവസരമായിരിക്കും. അത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു സെമി ഫൈനല്‍ ആയിരിക്കുമെന്നും അദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നാണ് രാജ്യത്തെ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇതൊരു വലിയ അവസരമാണ്. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തി സിബിഐ നോട്ടീസ് നല്‍കുകയും അടുത്ത ദിവസം തന്നെ ഹാജരാകണമെന്ന് പറയുകയും ചെയ്തു. തങ്ങള്‍ എല്ലാവരും അവരുടെ ദാസന്മാരാണെന്നാണ് ബിജെപി കരുതുന്നത്. ആഭ്യന്തര മന്ത്രാലയം, സിബിഐ, ഇ.ഡി, എന്‍ഐഎ തുടങ്ങിയവയെല്ലാം ബിജെപി നിയന്ത്രണത്തിലാണെന്നും മമത പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.