ചെന്നൈ 'സൂപ്പര്‍': കലാശ പോരാട്ടത്തിനെത്തുന്ന ആദ്യ ടീം; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തുന്നത് പത്താം തവണ

ചെന്നൈ 'സൂപ്പര്‍': കലാശ പോരാട്ടത്തിനെത്തുന്ന ആദ്യ ടീം; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തുന്നത് പത്താം തവണ

ചെന്നൈ: നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലിലെത്തി. ഇത് പത്താം തവണയാണ് ഐപിഎല്‍ കലാശപ്പോരിന് ചെന്നൈ യോഗ്യത നേടുന്നത്.

ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം നേരിടാന്‍ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറില്‍ 157 റണ്‍സിന് അവസാനിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ചെന്നൈയുടെ വിജയം. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴിന് 172 റണ്‍സാണ് നേടാനായത്. 44 പന്തില്‍ 60 റണ്‍സെടുത്ത രുതുരാജ് ഗെയ്ക്ക് വാദും 34 പന്തില്‍ 40 റണ്‍സെടുത്ത ഡെവന്‍ കോണ്‍വെയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പിന്നാലെ വന്ന അജിന്‍ക്യ രഹാനെ (17), അമ്പാട്ടി റായിഡു (17), രവീന്ദ്ര ജഡേജ (22), മോയിന്‍ അലി (ഒമ്പത്) എന്നിവര്‍ക്ക് ചെറിയ സ്‌കോര്‍ മാത്രമേ നേടാനായുള്ളു. ചെന്നൈയുടെ ചെറിയ സ്‌കോറിനെ പിന്തുടരാന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ ഇന്‍ ഫോം ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലും പതിവുപോലെ കത്തിക്കയറി. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ബിഗ് ഇന്നിംഗ്‌സ് കളിക്കാനാകാതെ ചെന്നൈ ബോളര്‍മാര്‍ പൂട്ടി.

ഗില്‍ 42 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 12 റണ്‍സും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എട്ട് റണ്‍സും ശനക 17 റണ്‍സും വിജയ് ശങ്കര്‍ 14 റണ്‍സും നേടി പുറത്തായി. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍ ആഞ്ഞടിച്ചെങ്കിലും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നത് ഗുജറാത്തിന് തിരിച്ചടിയായി. വെറും 16 പന്തില്‍നിന്ന് 30 റണ്‍സെടുത്താണ് റാഷിദ് ഖാന്‍ പുറത്തായത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാളിഫയറിലെത്തിയ ഗുജറാത്തിന് ചെന്നൈയോട് തോറ്റെങ്കിലും ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന മുംബൈ, ല്കനൗ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് കളിക്കും. അതില്‍ ജയിച്ചാല്‍ ഫൈനലില്‍ ചെന്നൈയുമായി ഒരിക്കല്‍ കൂടി ഏറ്റുമുട്ടാം. ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍ പോരാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.