അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ എഫ്.ഐ.ആറിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ എഫ്.ഐ.ആറിന് സ്റ്റേ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് കെ.എം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്തു. പ്രാദേശിക സിപിഎം നേതാവിൻ്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരമാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു.

പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ ഹരീഷിന്റെ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് കോടതി കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനും ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്താനായാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി. ഇത് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് ശേഷം ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടക്കുകയും കുറച്ച് തുക കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ എഫ്‌ഐആർ തന്നെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണിപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. എത്ര നാളത്തേക്കാണ് സ്‌റ്റേ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.