തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറി (45)നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം.
ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനീയര്‍ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസ്‌ക് പ്രശ്‌നത്തെ തുടര്‍ന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളാണ് പ്രതി. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങള്‍ നടത്തി വരികയായിരുന്നു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് ഇയാള്‍ തട്ടിക്കയറി. ഡോക്ടര്‍മാരെ അസഭ്യം പറഞ്ഞതായും പറയുന്നു. സന്തോഷിന്റെ കഴുത്തില്‍ കുത്തിപിടിച്ചു. ഇത് തടയാന്‍ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. തുടര്‍ന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്. ഒരു വര്‍ഷത്തില്‍ കുറയാതെ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.