2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ആര്‍ബിഐ ആക്ട് 1934 പ്രകാരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള അധികാരം ആര്‍ബിഐക്ക് ഇല്ലെന്നും കേന്ദ്ര സര്‍ക്കാരിനാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ രജ്നീഷ് ഭാസ്‌കര്‍ ഗുപ്തയാണ് ഹൈക്കോടതിയെ സമീപിച്ചത്.

1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷന്‍ 24 (2) പ്രകാരം ഏതെങ്കിലും മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യാതിരിക്കാനോ നിര്‍ത്തലാക്കാനോ നിര്‍ദേശം നല്‍കാന്‍ ആര്‍ബിഐക്ക് സ്വതന്ത്ര അധികാരമില്ല. ഇത് കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണെന്നും രജനീഷ് ഭാസ്‌കര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അച്ചടിച്ചിറക്കിയ നോട്ടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുന്നത് അന്യായവും പൊതുനയത്തിന് വിരുധവുമാണ്. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവലോകനം ചെയ്യാതെയാണ് ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനം ആര്‍ബിഐ കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കറന്‍സികളുടെ കാലയളവ് എത്രയാണെന്നും എപ്പോഴാണ് ഈ നോട്ടുകള്‍ പിന്‍വലിക്കുകയെന്നതും സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ആര്‍ബിഐ, ധനമന്ത്രാലയം എന്നിവ പുറത്തിറക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ആര്‍ബിഐ വിജ്ഞാപനം വന്നതിന് പിന്നാലെ ചെറുകിട കച്ചവടക്കാരും വ്യാപാരികളും 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. ഇത് രാജ്യത്ത് അപ്രതീക്ഷിത സാഹചര്യമുണ്ടാക്കിയെന്നും തങ്ങളുടെ ജോലി സമയത്ത് ബാങ്കുകളില്‍ പോയി 2000 രൂപ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.