ട്രംപിന് കടുത്ത വെല്ലുവിളി; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്

ട്രംപിന് കടുത്ത വെല്ലുവിളി; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. അമേരിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് റോണ്‍ ഡിസാന്റിസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മെമ്മോറിയല്‍ ഡേക്ക് ശേഷം ഡിസാന്റിസ് സ്റ്റേറ്റുകളില്‍ പര്യടനം ആരംഭിക്കും. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് ഡിസാന്റിസ് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

44 കാരനായ റോണ്‍ ഡിസാന്റിസ് ഇത് രണ്ടാം തവണയാണ് ഫ്‌ളോറിഡയില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത്. കത്തോലിക്ക വിശ്വാസിയായ ഡിസാന്റിസ് വിശ്വാസാധിഷ്ഠിത നിലപാടുകള്‍ പിന്‍പറ്റിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തനാകുന്നത്. ഗര്‍ഭച്ഛിദ്രത്തിനെതിരേയും സ്വവര്‍ഗാനുരാഗത്തിനെതിരേയും അദ്ദേഹം ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. ഏറ്റവുമൊടുവില്‍ ഫ്‌ളോറിഡയില്‍ ആറ് ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിച്ചു. സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസവും ലിംഗപരമായ വ്യത്യാസങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നിയന്ത്രിച്ചതോടെ എല്‍ജിബിടിക്യൂ വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറി.

സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് ഇലോണ്‍ മസ്‌കിനെ ലഭിച്ചത് ഡിസാന്റിസിന് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. അതേസമയം, ട്വിറ്റര്‍ വഴിയുള്ള പ്രചാരണത്തുടക്കം സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ തടസപ്പെടുകയും ചെയ്തു.

ട്രംപിന്റെ നയങ്ങളുടെയും നിലപാടുകളുടെയും പിന്‍ഗാമിയായി അറിയപ്പെടുന്ന ഡിസാന്റിസ് ട്രംപിന്റെ അശിര്‍വാദത്തോടെയാണ് ഫ്ളോറിഡയില്‍ ഗവര്‍ണര്‍ പദവിയില്‍ എത്തിയത്. എന്നാല്‍ ട്രംപിനെ പോലെ കേസുകളോ നിയമനടപടികളോ നേരിടുന്നില്ല എന്നതും ചെറുപ്പക്കാരനെന്നതും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. റിപ്പബ്ലിക്കന്‍ നിരയില്‍ ട്രംപ് പക്ഷം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതും ഡിസാന്റിസിനെയാണ്.

സ്വവര്‍ഗാനരാഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ പേരില്‍ വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ നിലപാടുകള്‍ കൊണ്ടും ഡിസാന്റിസ് വിവാദങ്ങളിലായിട്ടുണ്ട്.

ഇറ്റലിയില്‍ വേരുകളുള്ള ഡിസാന്റിസ്, അമേരിക്കന്‍ നാവികസേനയില്‍ നിയമ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2012-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 2018-ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഫ്‌ളോറിഡയില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ലെ തിരഞ്ഞെടുപ്പില്‍, മിക്ക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും പതറിയപ്പോഴും വലിയ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ ആയത് ഡിസാന്റിസിന്റെ ജനപിന്തുണയുടെ തെളിവാണ്.

ട്രംപിനെ കൂടാതെ മുന്‍ യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി, സൗത്ത് കരോലിന സെനറ്റര്‍ ടിം സ്‌കോട്ട്, അര്‍ക്കാനസ് മുന്‍ ഗവര്‍ണര്‍ അസ ഹട്ച്ചിന്‍സണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സാഥാനാര്‍ഥിയാകാനുള്ള മത്സരത്തിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.