ലിങ്കണ്‍: അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്‌കയില്‍ ഗര്‍ഭാവസ്ഥയുടെ 12-ാം ആഴ്ച മുതലുള്ള ഗര്‍ഭച്ഛിദ്രം നിരോധിച്ചു. 19 വയസില്‍ താഴെയുള്ളവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതും നിയന്ത്രിച്ചുകൊണ്ടുള്ള ബില്ലില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജിം പില്ലന്‍ ഒപ്പുവച്ചു.
ഗര്‍ഭച്ഛിദ്ര നിരോധനം ഉടനടി പ്രാബല്യത്തില്‍ വരും. അതേസമയം ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഒക്ടോബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
'ഈ ബില്‍ നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിക്കുന്നതിനുമാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ നെബ്രാസ്‌ക ഗവര്‍ണര്‍ ജിം പില്ലന്‍ പറഞ്ഞു. നെബ്രാസ്‌കയില്‍ ഗര്‍ഭച്ഛിദ്രം അചിന്തനീയമാണ് എന്ന സന്ദേശമാണ് നിയമനിര്‍മ്മാണം നല്‍കുന്നതെന്നും ഈ സംസ്ഥാനത്തിന്റെ സംസ്‌കാരം ജീവിതത്തെയും സ്‌നേഹത്തെയും ഉള്‍ക്കൊള്ളുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്റെ രണ്ട് പേരക്കുട്ടികളെയും സുഹൃത്തിന്റെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെയും സാക്ഷിനിര്‍ത്തിയാണ് ഗവര്‍ണര്‍ ജിം പില്ലന്‍ ബില്ലില്‍ ഒപ്പുവച്ചത്.
നെബ്രാസ്‌കയിലെ 49 സെനറ്റര്‍മാരില്‍ 30-ലധികം പേര്‍ കുട്ടികള്‍ വളരുന്നതു വരെ ലിംഗമാറ്റ ശസ്ത്രക്രിയ വേണ്ട അഭിപ്രായത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനിന്നു. സെനറ്റ് മാത്രമുള്ള ഏകീകൃത നിയമസഭയില്‍ ബില്‍ 15-ന് എതിരേ 33 വോട്ടുകള്‍ക്കാണ് പാസായത്. നിയമനിര്‍മ്മാണത്തെ പിന്തുണച്ചവരില്‍ നെബ്രാസ്‌ക കത്തോലിക്കാ കോണ്‍ഫറന്‍സും ഉള്‍പ്പെടുന്നു.
നേരത്തെ 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്‌കയില്‍ ക്രിമിനല്‍ കുറ്റമായിരുന്നു. എന്നാല്‍ പുതിയ നിയമനിര്‍മാണത്തിലൂടെ പന്ത്രണ്ടാം ആഴ്ച മുതലുള്ള ഗര്‍ഭച്ഛിദ്രവും കുറ്റകരമാണ്.
അതേസമയം ബലാത്സംഗം, രക്തബന്ധമുളളവര്‍ തമ്മിലുളള ലൈംഗികബന്ധം, ട്യൂബല്‍ പ്രെഗ്‌നന്‍സി, മെഡിക്കല്‍ അത്യാഹിതം എന്ന സാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നിയമം ഇളവ് നല്‍കുന്നുണ്ട്.
19 വയസോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് ലിംഗമാറ്റം നടത്തുന്ന ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ നിന്നും ബില്ലിലെ വ്യവസ്ഥകള്‍ തടയുന്നു.
'എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമുള്ള അവകാശമുണ്ട്'- സ്റ്റേറ്റ് സെനറ്റര്‍ ജോണി ആല്‍ബ്രെക്റ്റ് പറഞ്ഞു. 'നെബ്രാസ്‌ക സംസ്ഥാനത്ത് ഗര്‍ഭഛിദ്രത്തിനായി കാത്തിരിക്കുന്ന ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.