വീണ്ടും ആശങ്ക: അരിക്കൊമ്പന്‍ ജനവാസമേഖലയുടെ 100 മീറ്റര്‍ അരികെയെത്തി; ആകാശത്തേക്ക് വെടിവച്ച് വനംവകുപ്പ്

വീണ്ടും ആശങ്ക: അരിക്കൊമ്പന്‍ ജനവാസമേഖലയുടെ 100 മീറ്റര്‍ അരികെയെത്തി; ആകാശത്തേക്ക് വെടിവച്ച് വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പന്‍ ഇന്നലെ കുമളിയില്‍ ജനവാസ മേഖലയ്ക്ക് സമീപമെത്തി. കഴിഞ്ഞ ദിവസം ആകാശദൂരമനുസരിച്ച് കുമളിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെവരെയെത്തിയെങ്കില്‍ ഇന്നലെ കുമളി റോസാപ്പൂകണ്ടം ഭാഗത്താണ് ആനയെത്തിയത്.

ഇത് വനമേഖലയാണെങ്കിലും ഇവിടെ നിന്നും 100 മീറ്റര്‍ മാത്രം പിന്നിട്ടാല്‍ ജനവാസമേഖലയാണ്. ജനവാസ മേഖലയ്ക്ക് സമീപമെത്തിയ ആനയെ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ച് തിരികെ കാട്ടിലേക്കോടിച്ചു. ജി.പി.എസ് കോളറിലൂടെയാണ് എത്തിയത് അരിക്കൊമ്പന്‍ തന്നെയാണെന്ന് മനസിലാക്കിയത്.

കഴിഞ്ഞ ദിവസം കണ്ടെത്തിയ ഇടത്ത് നിന്നും വനത്തിനുള്ളിലേക്ക് അരിക്കൊമ്പനെ ഓടിച്ചുവിട്ടതായാണ് വിവരം. ഓരോ മണിക്കൂര്‍ ഇടവിട്ട് മാത്രമാണ് ആനയുടെ കഴുത്തിലെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുക. ജനവാസ മേഖലയ്ക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് സിഗ്‌നല്‍ ലഭിച്ചത്. കാട്ടിലേക്ക് കയറ്റിവിട്ടിട്ടും ജനവാസ മേഖലയ്ക്ക് വളരെയടുത്ത് അരിക്കൊമ്പനെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആന ജനവാസ മേഖലയിലിറങ്ങുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുന്‍പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.