ഇംഫാല്‍: മണിപ്പൂരില്‍ അതിരൂക്ഷമായ വംശീയ കലാപങ്ങളുണ്ടായ പടിഞ്ഞാറന്‍ ഇംഫാലിലും കിഴക്കന്‍ ഇംഫാലിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിന് അയവ് വരുത്തി. ഇന്ന് രാവിലെയാണ് കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രദേശങ്ങളിലെ അക്രമാന്തരീക്ഷത്തിന് അയവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇംഫാലിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ അക്രമങ്ങള്‍ അരങ്ങേറിയതിനു പിന്നാലെ മെയ് മൂന്നിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം നാല് വരെയായിരുന്നു കര്‍ഫ്യൂ. വീണ്ടും അക്രമങ്ങള്‍ ഉണ്ടായതോടെ, വ്യാഴാഴ്ച മുതല്‍ മുഴുവന്‍ സമയ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍ ജില്ലകളിലാണ് കര്‍ഫ്യൂ.
രാവിലെ അഞ്ചു മതല്‍ ഉച്ചക്ക് 12 വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് തടസമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കോ ഓഫീസ് ജോലികള്‍ക്കോ അല്ലാതെ കൂട്ടം കൂടുന്നതിന് നിരോധനം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍, വൈദ്യുത വകുപ്പ് ജീവനക്കാര്‍, പൊതുജനാരോഗ്യ എഞ്ചിനീയറിങ് വിഭാഗം ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഒഴിവുണ്ട്.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ വംശീയക്രമങ്ങള്‍ തുടങ്ങിയത്. അക്രമ സംഭവങ്ങളില്‍ 74 പേര്‍ മരിക്കുകയും 30,000 ഒളാം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെ നടന്ന പ്രതിഷേധമാണ് രൂക്ഷമായ അക്രമങ്ങള്‍ക്ക് ഇടയാക്കിയത്.
ഇതിനിടെ മണിപ്പൂര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ ബിഷ്ണുപൂര്‍ ജില്ലയിലെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തു. എന്നാല്‍ മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ജനക്കൂട്ടം നിങ്തൗഖോംഗ് ഏരിയയിലെ വീട് ആക്രമിക്കുകയും ഗേറ്റിന്റെ ഒരു ഭാഗം, ജനലുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v