ലിംഗമാറ്റ തെറാപ്പി: ഒരു വിഭാഗം മതനേതാക്കൾ നിരോധനത്തിന് ആഹ്വാനം ചെയ്യുന്നു

ലിംഗമാറ്റ തെറാപ്പി: ഒരു വിഭാഗം മതനേതാക്കൾ നിരോധനത്തിന് ആഹ്വാനം ചെയ്യുന്നു

ലണ്ടൺ: ലോകമെമ്പാടുമുള്ള 370 ലധികം മതനേതാക്കൾ ലിംഗമാറ്റ തെറാപ്പി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു . ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ വ്യക്തിത്വം മാറ്റാനുള്ള ശ്രമമാണ് ലിംഗമാറ്റ തെറാപ്പികൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപനത്തില്‍ ഒപ്പിട്ടവർ ലോകത്തിലെ പ്രധാന മതവിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് . ഇവരിൽ പലരും എൽജിബിടി സമൂഹത്തിന്റെ വ്യക്താക്കളാണ് . ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, അയർലണ്ടിലെ മുൻ ചീഫ് റബ്ബി ഡേവിഡ് റോസൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഫോറിൻ കോമൺ‌വെൽത്ത്, ഡവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) നടത്തുന്ന കോൺഫറൻസിൽ ബുധനാഴ്ച നിരോധനം ആവശ്യപ്പെടുന്ന ഒരു പ്രഖ്യാപനം നടത്തി.

ലിവർപൂളിലെ ആംഗ്ലിക്കൻ ബിഷപ്പ് പോൾ ബെയ്സ്, അയർലണ്ട് മുൻ പ്രസിഡന്റ് മേരി മക്അലീസ് എന്നിവരും പ്രഖ്യാപനത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ലിംഗമാറ്റ തെറാപ്പി നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. ഈ രീതി തികച്ചും വെറുപ്പുളവാക്കുന്നതാണെന്നും ബ്രിട്ടനിൽ ഇതിനു സ്ഥാനമില്ല എന്നും പറഞ്ഞിരുന്നു.

ഭിന്നലിംഗക്കാരൻ ആയി ജീവിക്കുവാനുള്ള ഒരു വ്യക്തിയുടെ ആഗ്രഹം മാനിക്കാതെ സമൂഹത്തിന്റെയോ , കുടുംബത്തിന്റെയോ താല്പര്യം നിമിത്തം ഈ ആഭിമുഖ്യം ഇല്ലാതാക്കാനുള്ള കൗൺസിലിംഗുകളും , ഹോർമോൺചികിത്സയും, ശസ്ത്രക്രിയകളും വഴി പുരുഷനും സ്ത്രീയുമായി മാറ്റുന്നതിനെ ഈ നിയമം നിരോധിക്കുന്നു.

ലിംഗമാറ്റ തെറാപ്പി എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം മാറ്റുന്നതിനോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വം അടിച്ചമർത്തുന്നതിനോ ലക്ഷ്യമിടുന്ന ഏതെങ്കിലും തരത്തിലുള്ള ചികിത്സ അല്ലെങ്കിൽ സൈക്കോതെറാപ്പിയെ സൂചിപ്പിക്കുന്നു. ഇലക്ട്രിക് ഷോക്ക് ചികിത്സ മുതൽ മതപരമായ പഠിപ്പിക്കലുകൾ അല്ലെങ്കിൽ ഒരാളുടെ ലൈംഗികത മാറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സ്പീച് തെറാപ്പി ചികിത്സകൾ വരെ ഇത് ഉൾക്കൊള്ളുന്നു.

സ്വിറ്റ്സർലൻഡ് , ഓസ്ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളിലും ഈ രീതി ഇതിനകം നിരോധിച്ചിരിക്കുന്നു. 2018 മുതൽ യുകെയിലെ രണ്ട് പ്രധാനമന്ത്രിമാർ "പരിവർത്തന ചികിത്സ" നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതിനു വേണ്ടി വാദിക്കുന്നവർ ഇപ്പോഴും നടപടിക്കായി കാത്തിരിക്കുകയാണ്.

സ്വവർഗ്ഗ പ്രേമികളായ ആൾക്കാർക്ക് കൗൺസിലിംഗും ഹോർമോൺ ചികിത്സകളും നൽകി അവരെ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ട് വരുന്ന പ്രവർത്തനങ്ങളെയെല്ലാം ഈ നിയമം കുറ്റകരമായി കണക്കാക്കും. ഈ നിരോധനം നടപ്പിൽ വന്നാൽ ട്രാൻസ് ഹെൽത്ത് കെയർ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും സന്നദ്ധപ്രവർത്തകർക്കുണ്ട്. ഇങ്ങനെയുള്ളവർക്കായി പ്രാർത്ഥിക്കുന്നത് പോലും കുറ്റകരമായി വ്യാഖ്യാനിക്കപ്പെടും എന്ന് പലരും ഭയക്കുന്നു.

ക്രിസ്ത്യാനിറ്റി, ഇസ്ലാം, യഹൂദമതം എന്നിവയുൾപ്പെടെ നിരവധി ആഗോള വിശ്വാസങ്ങൾ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് പുറത്തുള്ള ഏതെങ്കിലും ലൈംഗികത തെറ്റാണെന്ന് പരമ്പരാഗതമായി പഠിപ്പിച്ചു വരുന്നു. 1960 കളിലും 70 കളിലും സ്വവർഗരതിയും ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയും മാനസിക വൈകല്യങ്ങളായി കണക്കാക്കുകയും കൗൺസിലിംഗ്, ശാരീരിക ശിക്ഷ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുത്തുന്ന ചികിത്സാരീതികൾ സ്വീകരിക്കുകയും ചെയ്തുവന്നു.

എന്നാൽ ഇത്തരം ചികിത്സാ മാർഗ്ഗങ്ങൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉളവാക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ലിംഗമാറ്റ തെറാപ്പികൾ വിവിധരാജ്യങ്ങൾ നിരോധിക്കുന്നത്.

കത്തോലിക്കാസഭയുടെ, സഭയുടെ പ്രബോധനങ്ങളും പഠിപ്പിക്കലുകളും അനുസരിച്ച് ,സ്വവർഗരതികൾ അധാർമികവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണ്. സ്വവർഗ പ്രവണതകൾ ക്രമരഹിതമാണ് എന്നും കരുതുന്നു. സ്വവർഗരതിയിലേക്കുള്ള ചായ്‌വ് സ്വയം പാപമാണെന്ന് കരുതുന്നില്ലെങ്കിലും അതിന് വളരെ നിഷേധാത്മക മനോഭാവമുണ്ട് എന്ന് പഠിപ്പിക്കുന്നു. സ്വവർഗാനുരാഗത്തോടുള്ള പ്രത്യേക ചായ്‌വ് ഒരു പാപമല്ലെങ്കിലും, അതിൽ അന്തർലീനമായിരിക്കുന്ന തിന്മ പലപ്പോഴും പാപകാരണമായിത്തീരും. അതിനാൽ ഇത്തരം ചായ്‌വ് ഒരു ഒരു തകരാറായി കാണുകയാണ് കത്തോലിക്കാസഭ. ഇവിടെയാണ് കൗൺസിലിംഗുകളുടെയും മറ്റുചികിത്സാരീതികളുടെയും പ്രസക്തി.

സ്വവർഗസ്നേഹികളായവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ്. അത്തരക്കാരെ ബഹുമാനത്തോടും സൂക്ഷ്മതയോടും കൂടി സ്വീകരിക്കണം. ഇക്കാര്യത്തിൽ അന്യായമായ വിവേചനത്തിന്റെ എല്ലാ അടയാളങ്ങളും ഒഴിവാക്കണം. എന്നതാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.