ഭാരതത്തെ ശാക്തീകരിച്ച ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

ഭാരതത്തെ ശാക്തീകരിച്ച ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

കൊച്ചി: പതിനാലാം നൂറ്റാണ്ട് മുതൽ ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിന് നൽകിയ വിദ്യാഭ്യാസമാണ് ലോക രാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്. അറിവില്ലാത്തവനെ പഠിപ്പിക്കുക എന്നത്, വിദ്യയാകുന്ന വെളിച്ചം പകര്‍ന്ന് അജ്ഞതയുടെ അന്ധകാരം നീക്കുന്നത്, ഒരു ജീവകാരുണ്യ പ്രവൃത്തി മാത്രമായിട്ടല്ല മറിച്ച് കടമയായിട്ടാണ് ക്രൈസ്തവര്‍ കാണുന്നത്.

അടിമത്തവും അയിത്തവും നിലനിന്നിരുന്ന കേരളത്തിലെ സാംസ്‌കാരിക-സാമൂഹിക വളർച്ച, ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കരഗതമായതാണ്. വ്യാകരണ ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ, അച്ചടിശാലകൾ ഇങ്ങനെ വിദ്യാഭ്യാസ നിർമ്മിതി പൂർണ്ണമായും ക്രൈസ്തവ മിഷനറിമാരുടെ കൈകളിലായിരുന്നു.

1910-ലെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീ സാക്ഷരത 31 ശതമാനമായിരുന്നപ്പോൾ മുംബൈയിൽ അത് വെറും ഒരു ശതമാനമായിരുന്നു എന്നോർക്കണം. 1865ലെ ഒരു സർക്കുലറിലൂടെ എല്ലാ ഇടവകപള്ളികളോടും ചേർന്ന് പള്ളികൂടങ്ങൾ ആരംഭിക്കാൻ ചാവറയച്ചൻ നിർദേശം നൽകിയപ്പോൾ 160 സുറിയാനി പള്ളികളിലാണ് സ്കൂളുകൾ ആരംഭിച്ചതെന്നോർക്കണം.

സർ സി.പിയുടെ കാലത്ത്‌ തിരുവിതാംകൂറിലെ 2169 പ്രൈവറ്റ് സ്കൂളുകളിൽ 80% സ്കൂളുകളും ക്രൈസ്തവരുടേതായിരുന്നു. ഈ സ്കൂളുകൾ ദേശസാൽക്കരിക്കാൻ സി.പി നടത്തിയ ശ്രമങ്ങളെ ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജെയിംസ് കാളാശ്ശേരി തടഞ്ഞില്ലായിരുന്നുവെങ്കിൽ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദയനീയമായ അടിസ്ഥാന പൊതു വിദ്യാഭ്യാസ അവസ്ഥയായി കേരളത്തിലെ വിദ്യാഭ്യാസ മേഖല പരിണമിച്ചേനേ.

ക്രൈസ്തവരെ സംബന്ധിച്ച് വിദ്യാഭ്യാസം ശാക്തീകരണമാണ്. സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കലാണ്. ഭാരതത്തിലെ കത്തോലിക്കർ നടത്തുന്ന ഏകദേശം 16000 വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ 53% ഹിന്ദുമതത്തിൽപെട്ടവരാണ്. പിന്നോക്ക വർഗ്ഗക്കാർ 26 ശതമാനവും, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ 44.4 ശതമാനവുമാണ്. തങ്ങളുടെ സ്വത്വമെന്താണെന്ന് പോലും അറിവില്ലാതിരുന്ന മലയാളികളെ വിദ്യാഭ്യാസത്തിലൂടെ സമുദ്ധരിച്ചത് ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളാണ്.

ഏതൊരു സമൂഹത്തിന്റേയും വളര്‍ച്ചയുടെ അടിസ്ഥാനമെന്നു പറയുന്നത് വിദ്യാഭ്യാസമാണ്. ക്രൈസ്തവ മിഷണറിമാര്‍ ആളുകളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ജാതി നോക്കിയിട്ടായിരുന്നില്ല. ഭാരതത്തിലെ മനുഷ്യജീവിതത്തിലും സാമൂഹികപുരോഗതിയിലും ക്രൈസ്തവ മിഷനറി വിദ്യാഭ്യാസം ചെലുത്തിയിട്ടുള്ള സ്വാധീനം നിസ്തുലമാണ്.

അര്‍ണോസ് പാതിരിയും ഗുണ്ടര്‍ട്ടും തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍ മലയാളത്തെ നവീകരിച്ചതായി ഭാഷാ ചരിത്രത്തിലേയ്ക്കു കടന്നാല്‍ നമുക്കു കാണാം. ഭാരതത്തിൽ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യപുസ്തകമാണ് പാറേമ്മാക്കൽ തോമാക്കത്തനാരുടെ വർത്തമാനപുസ്തകം. ഇന്ത്യൻ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറിക്കപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്‌നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമാക്കത്തനാർ ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്.

അടിമത്തത്തിന്റെ ആലസ്യമെന്ന കരിമ്പടം പുതച്ചുറങ്ങിയ കേരള സമൂഹ മനസാക്ഷിയെ ഉണർത്തി അവരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടന്ന ദേശീയ ബോധത്തെയും ഏകതാ ബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ച നവോത്ഥാനയാത്രക്ക് പ്രേരകമായ മുഖ്യഘടകം മിഷനറിമാർ നൽകിയ ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്.

അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലെ സെന്റ് പാട്രിക്സ് മിഷനറി സ്കൂളിലാണ്‌ മുൻ ഉപ പ്രധാനമന്ത്രി എൽ.കെ. അദ്വാനി പഠിച്ചത്. സ്‌മൃതി ഇറാനി, നജീബ് ജംഗ് തുടങ്ങിയവരും ക്രൈസ്തവസ്ഥാപനങ്ങളിലാണ് പഠിച്ചത്. സര്‍ക്കാരില്‍ നിന്നോ അന്യമതസ്ഥരില്‍ നിന്നോ സഹായങ്ങള്‍ സ്വീകരിക്കാതെ ഇന്നാട്ടുകാരായ ഇടവക ജനത്തിന്‍റെ പരിശ്രമവും പിരിവുകളും ഇടവകപ്പള്ളികളിലെ നീക്കിയിരിപ്പുമെല്ലാം സ്വരുക്കൂട്ടി ക്രൈസ്തവര്‍ പടുത്തുയര്‍ത്തിയ കലാലയങ്ങളിലൂടെ വിദ്യാഭ്യാസവും മൂല്യബോധവുമുള്ള അനേകം തലമുറകളെ ഈ രാജ്യത്തിനുവേണ്ടി രൂപപ്പെടുത്തിയെടുക്കാന്‍ ക്രൈസ്തവ സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഭാരതീയ ഭാഷകളില്‍ സാമാന്യജനത്തിന് മനസ്സിലാകുന്നതും ഓജസ്സുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവര്‍ത്തനങ്ങളാണ്. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി.

വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവർണ്ണ വിവേചനരഹിതമായി തുല്യ അവസരം വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളിൽ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും ക്രൈസ്തവ മിഷനറിമാർ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. കേരളത്തിലെ വി.ചാവറ കുര്യാക്കോസച്ചൻ അതിലെ അനുകരണീയ മാതൃകയായി നിലകൊള്ളുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.