സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കാനാകുന്നില്ല: കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കാനാകുന്നില്ല: കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി

തിരുവനന്തപുരം: ദൈനംദിന ചിലവുകള്‍ക്ക് പുറമേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ക്ക് പോലും പണം തികയാതെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിശദീകരണം.

അടുത്ത മാര്‍ച്ച് 31 വരെ കേരളത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി 15,390 കോടിയായി കേന്ദ്രം നിജപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കഴിഞ്ഞവര്‍ഷം 23,000 കോടിരൂപ വായ്പയെടുക്കാന്‍ അനുവദിച്ചിരുന്നു. അതില്‍ 7610 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമേ കമ്മി കുറയ്ക്കുന്നതിന് കിട്ടുന്ന സഹായധനത്തില്‍ 10,000 കോടിയും ഈ വര്‍ഷം വെട്ടിക്കുറച്ചതും സംസ്ഥാനത്ത് കടുത്ത തിരിച്ചടിയായി.

മൊത്ത ആഭ്യന്തര ഉതിപാദനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 32,440 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ബഡ്ജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതും അതിന്റെ അടസ്ഥാനത്തിലാണ്. പക്ഷേ, അനുവദിച്ചത് ആഭ്യന്തര ഉതിപാദനത്തിന്റെ 1.6 ശതമാനം മാത്രം.

ഇങ്ങനെ നോക്കുമ്പോള്‍ 17,110 കോടിയുടെ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേമപെന്‍ഷനും അടക്കം തുക കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടും. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും വഴിയെടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക 2,800 കോടിയും ക്ഷാമബത്ത കുടിശിക 1,400 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ട്. ഇതില്‍ രണ്ട് ഗഡു ഈവര്‍ഷം നല്‍കാനിരിക്കുകയായിരുന്നു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള 20,000 കോടി മരവിപ്പിച്ച് നിര്‍ത്തിയാണ് ധനസ്ഥിതി പിടിച്ച് നിര്‍ത്തുന്നത്.

ദൈനംദിന ചിലവിന്റെ 64 ശതമാനം തനത് വരുമാനത്തില്‍ നിന്നാണ് കേരളം കണ്ടെത്തുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വെറും 30 ശതമാനം മാത്രമാണ്. എന്നിട്ടും വായ്പ ലഭ്യത തടയുന്നത് രാഷ്ട്രീയ നീക്കം മാത്രമാണെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമ്രില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.