ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച ശേഷം വിളക്ക് കൊളുത്തിയാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. പുതിയ മന്ദിരത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതര്‍ ഹോമം നടത്തി. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി.
ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. തുടര്‍ന്ന് ലോക്‌സഭയില്‍ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ഥനയും നടത്തി.
ഉച്ചയ്ക്ക് പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും നടക്കും. ചടങ്ങിനിടെ 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് മന്ദിരോദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് മൂന്ന് മണി വരെ നിയന്ത്രണമേര്‍പ്പെടുത്തി.
2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2022 ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ രൂപകല്‍പന. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.