പാര്‍ലമെന്റ് മന്ദിരം വളയാന്‍ ഗുസ്തി താരങ്ങള്‍; മഹിളാ മഹാ പഞ്ചായത്തിന് പിന്തുണയുമായി കര്‍ഷകരെത്തി: മാര്‍ച്ച് തടയാന്‍ വന്‍ പൊലീസ് സന്നാഹം

പാര്‍ലമെന്റ് മന്ദിരം വളയാന്‍ ഗുസ്തി താരങ്ങള്‍; മഹിളാ മഹാ പഞ്ചായത്തിന് പിന്തുണയുമായി കര്‍ഷകരെത്തി: മാര്‍ച്ച് തടയാന്‍ വന്‍ പൊലീസ് സന്നാഹം

ന്യൂഡല്‍ഹി: സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം വളയാന്‍ ഗുസ്തി താരങ്ങള്‍. സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഗുസ്തി താരങ്ങള്‍ മഹിളാ മഹാ പഞ്ചായത്ത് നടത്തും. താരങ്ങളെ പിന്തുണച്ച് രാജസ്ഥാന്‍, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനം നടക്കുന്ന പന്ത്രണ്ടോടെ പാര്‍ലമെന്റ് മന്ദിരം ലഷ്യമാക്കി മാര്‍ച്ച് നടത്തും. സമരത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തികളെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. പാര്‍ലമെന്റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. തിക്രി, ഖാസിപ്പുര്‍, സിന്‍ഘു അതിര്‍ത്തികളില്‍ പൊലീസ് സേനയെ വിന്യസിച്ചു. കര്‍ശന വാഹന പരിശോധനയും ഏര്‍പ്പെടുത്തി.

ജന്തര്‍ മന്തറില്‍ നിന്ന് താരങ്ങള്‍ മാര്‍ച്ചായി നീങ്ങുന്നത് തടയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ തങ്ങിയ അംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങള്‍ ആരോപിച്ചു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങള്‍ എന്തു തീരുമാനിക്കുന്നുവോ അത് അനുസരിക്കാന്‍ തയാറാണെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.