ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തത്; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് കെ.സി വേണുഗോപാല്‍ എം.പി

ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തത്; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് കെ.സി വേണുഗോപാല്‍ എം.പി

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും കാറ്റില്‍പ്പറത്തി ബിജെപി നടത്തിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനദിനം പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിവസമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങളില്‍ നിന്ന് ഒഴിവാക്കിയതിന് വിശദീകരണം നല്‍കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോത്രവിഭാഗത്തില്‍ നിന്നും കഷ്ടപ്പാടുകള്‍ക്ക് ഇടയിലൂടെ രാജ്യത്തിന്റെ പ്രഥമപദവിയിലെത്തിയ വനിതയാണ് ദ്രൗപതി മുര്‍മു.

ബിജെപി പ്രചാരണ പരിപാടികള്‍ക്കായി പലപ്പോഴും രാഷ്ട്രപതിയുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രഥമ വനിത ഇന്ന് ടി.വിയിലൂടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വീക്ഷിക്കേണ്ടി വന്ന ഗതികേട് ദൗര്‍ഭാഗ്യകരമാണ്. ആര്‍എസ്എസിന്റെ സവര്‍ണ വര്‍ഗീയ ഫാസിസ്റ്റ് നിലപാടിന്റെ പ്രതിഫലനമാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റ് തറക്കല്ലിടല്‍ ചടങ്ങിലും പ്രഥമവനിത ദ്രൗപതി മുര്‍മുവിനെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും ഒഴിവാക്കിയ തീരുമാനം.

രാജ്യത്ത് ജനം കൊടിയ പട്ടിണിയിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ജനങ്ങളുടെ പണമാണ് ഈ മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് ചെലവാക്കിയത്. ആ കെട്ടിടത്തെ തീവ്രവര്‍ഗീയതയുടെയും തന്‍പ്രമാണിത്വത്തിന്റെയും വേദിയാക്കാന്‍ ശ്രമിക്കുന്ന മോദി ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ല ഉദ്ഘാടനം ചെയ്തതെന്ന് വിസ്മരിക്കരുത്. സവര്‍ക്കറുടെ ദിനം മന്ദിര ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് സവര്‍ണ്ണ വര്‍ഗീയ അജണ്ടയാണ്.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ സവര്‍ക്കര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് ഓര്‍മ്മിക്കാന്‍ പറ്റുന്ന സംഭാവനകള്‍ നല്‍കിയ വ്യക്തിയല്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഡോ.ബി.ആര്‍.അംബേദ്കറുടേയും ഉള്‍പ്പെടെ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ മഹാരഥന്‍മാരുടെ ഓര്‍മ്മദിനങ്ങള്‍ എന്തുകൊണ്ട് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തില്ലെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.

രാഷ്ട്രപതി പദവിയോട് കാണിച്ചത് അവഹേളനവും അക്ഷന്ത്യവുമായ തെറ്റുമാണ്. ഇവിടെ മാതൃകയാക്കേണ്ടത് നെഹ്റുവിനെയാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ഭരണഘടനാ നിര്‍മാണ സഭയുടെ ചരിത്രപരമായ അര്‍ധരാത്രി സമ്മേളനത്തില്‍ രാജ്യത്തിന്റെ ദേശീയ പതാക ഏറ്റുവാങ്ങിയത് കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ലിയിലെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദായിരുന്നു. നെഹ്റുവിന് ഏറ്റുവാങ്ങാമായിരുന്നിട്ടും അദ്ദേഹം അതിന് തയ്യാറായില്ല. ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ് നെഹ്റു അതിന് അന്ന് തയ്യാറാകാതിരുന്നതെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സൗന്ദര്യം. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. രാഹുല്‍ ഗാന്ധിയില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന ബിജെപി വാദം ബാലിശമാണ്. സിപിഎം, ടി.ആര്‍.എസ്, തൃണമുല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത് അക്കാരണം കൊണ്ടാണോയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.