പെര്‍ത്ത്: പ്രായാധിക്യവും രോഗങ്ങളും അവശരാക്കിയാലും അധികാരത്തില്‍ നിന്നൊഴിയാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്നൊരു മാതൃക. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സംസ്ഥാനത്തെ 2017 മുതല്‍ നയിക്കുന്ന പ്രീമിയര്‍ (മുഖ്യമന്ത്രി) മാര്‍ക് മക്ഗോവന്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നു. ഇതോടൊപ്പം പ്രീമിയര്‍ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപനവും അദ്ദേഹം നടത്തി.
ഇന്ന് ഉച്ചയ്ക്ക് 12.45 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 55 വയസുകാരനായ പ്രീമിയറുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. ഏറെ നാളായുള്ള തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിന്റെ സമ്മര്‍ദം മൂലം താന്‍ ക്ഷീണിതനാണെന്ന് മാര്‍ക് മക്ഗോവന്‍ വെളിപ്പെടുത്തി. രാജി പ്രഖ്യാപനം നടത്തുമ്പോള്‍ ഭാര്യ സാറാ മക്ഗോവനും അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു
മാര്‍ക് മക്ഗോവന്റെ അപ്രതീക്ഷിത പ്രഖ്യാപനം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ ആഴ്ച അവസാനത്തോടെ താന്‍ പ്രീമിയര്‍ സ്ഥാനമൊഴിയുമെന്ന് മാര്‍ക് മക്ഗോവന്‍ അറിയിച്ചു. റോക്കിംഗ്ഹാമില്‍നിന്നുള്ള പാര്‍ലമെന്റ് അംഗത്വവും ഉപേക്ഷിക്കും.
'ആളുകളെ സഹായിക്കുക, പ്രശ്നങ്ങള്‍ പരിഹരിക്കുക, തീരുമാനങ്ങള്‍ എടുക്കുക, അതിന്റെ ഫലം അനുഭവിച്ചറിയുക തുടങ്ങിയ വെല്ലുവിളികള്‍ താന്‍ ഇഷ്ടപ്പെടുന്നു. സ്വാഭാവികമായും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആളല്ല താന്‍. പക്ഷേ, രാഷ്ട്രീയ ജീവിതത്തില്‍ എല്ലാ ദിവസവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തര്‍ക്കങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെടേണ്ടതുണ്ട്. തനിക്ക് അത് മടുത്തതായി മാര്‍ക് മക്ഗോവന്‍ വെളിപ്പെടുത്തി.
'അതാണ് രാഷ്ട്രീയ ജീവിതം, അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്മാറണം' - അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
താന്‍ ഇപ്പോഴും ലേബര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുവെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മക്‌ഗോവന്‍ പറഞ്ഞു. അതേസമയം, പ്രീമിയര്‍ റോളില്‍ തുടരാന്‍ ആവശ്യമായ ഊര്‍ജവും ആവേശവും തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തതായി ഇനി എന്താണു ചെയ്യുക എന്നതു സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
2017 മാര്‍ച്ചിലാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ പ്രീമിയറായി വലിയ ജനസമ്മതിയോടെ മാര്‍ക് മക്ഗോവന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ പ്രതിപക്ഷ നേതാവ്, മന്ത്രി, ഷാഡോ മന്ത്രി പാര്‍ലമെന്ററി സെക്രട്ടറി, റോക്കിംഗ്ഹാമിലെ പാര്‍ലമെന്റ അംഗം എന്നീ നിലകളില്‍ 26 വര്‍ഷത്തോളമായി പാര്‍ലമെന്റില്‍ സേവനമനുഷ്ഠിക്കുകയാണ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ലേബര്‍ പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയിട്ട് 11 വര്‍ഷത്തിലേറെയായി. ഇത്തരത്തില്‍ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് മാര്‍ക് മക്ഗോവന്റെ പടിയിറക്കം.
കോവിഡ് മഹാമാരിക്കാലത്തെ മക്ഗോവന്റെ നേതൃത്വവും രോഗ പ്രതിരോധ നടപടികളും ലോക ശ്രദ്ധ നേടിയിരുന്നു. ലോക്ഡൗണിനൊപ്പം കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങളും ജനപ്രീതി നേടിക്കൊടുത്തതിനൊപ്പം വിമര്‍ശനങ്ങളും രൂക്ഷമായി. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ നേരിട്ട നേതാവായിരുന്നു മക്ഗോവന്‍.
തന്റെ കടുത്ത തിരുമാനങ്ങള്‍ പടിഞ്ഞാന്‍ ഓസ്ട്രേലിയക്കാരെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിച്ചതായും ഓസ്‌ട്രേലിയയുടെ മറ്റ് സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പടിഞ്ഞാന്‍ ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥ കരുത്താര്‍ജിച്ചതായും അദ്ദേഹം വാദിച്ചിരുന്നു.
നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷന്റെ പേരില്‍ മക്ഗോവനും കുടുംബത്തിനും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. മഹാമാരിയിലുടനീളമുള്ള രാഷ്ട്രീയ സമ്മര്‍ദം രാജിവയ്ക്കാനുള്ള തന്റെ തീരുമാനത്തില്‍ മുഖ്യപങ്ക് വഹിച്ചതായി പ്രീമിയര്‍ പറഞ്ഞു.
ദീര്‍ഘകാലം പ്രീമിയറായിരുന്ന കോളിന്‍ ബാര്‍നെറ്റിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്കെതിരെ 2017-ല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് മക്ഗോവന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.
ഡെപ്യൂട്ടി പ്രീമിയര്‍ റോജര്‍ കുക്കോ ആരോഗ്യമന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്‌സണോ മക്‌ഗോവന്റെ പിന്‍ഗാമിയായേക്കുമെന്ന് സൂചനകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.