നദീജല തര്‍ക്കം: ഇറാന്‍-താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ കൊല്ലപ്പെട്ടു

നദീജല തര്‍ക്കം:  ഇറാന്‍-താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടി;  മൂന്നു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഹെല്‍മന്ദ് നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ഇറാനിലെ സിസ്ഥാന്‍ ആന്റ് ബലുചിസ്ഥാന്‍ പ്രവിശ്യയും അഫ്ഗാനിലെ നിമ്രോസ് പ്രവിശ്യയും തമ്മിലുള്ള അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ഇറാന്‍ സൈനികരും ഒരു താലിബാന്‍ സൈനികനുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ ഡെപ്യൂട്ടി പൊലീസ് ചീഫ് ജനറല്‍ ഖാസിം റെസായി ആരോപിക്കുന്നത്. താലിബാന്‍ ആക്രമണത്തില്‍ വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഭാഗത്തു നിന്നാണ് ആദ്യം ആക്രമണം നടന്നതെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നഫി താകോര്‍ ആരോപിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും താലിബാന്‍ അവകാശപ്പെട്ടു.

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖവറസ്മി പറഞ്ഞു. ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.