മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ മെത്രാഭിഷേക ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാനായി ഓസ്‌ട്രേലിയയിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം.
മെല്‍ബണ്‍ രൂപത മെത്രാന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനന്തോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലങ്കുന്നേല്‍, പ്രൊകുറേറ്റര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. എബ്രഹാം കഴുന്നടിയില്‍, സി.എം.ഐ സഭയുടെ കോട്ടയം പ്രൊവിന്‍ഷ്യാള്‍ ഫാ. എബ്രഹാം വെട്ടിയാങ്കല്‍ സി.എം.ഐ, ഫാ. വിന്‍സന്റ് മഠത്തിപ്പറമ്പില്‍ സി.എം.ഐ, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മെല്‍ബണ്‍ രൂപത വൈദിക വിദ്യാര്‍ത്ഥികള്‍, എസ്.എം.വൈ.എം. പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്വീകരിച്ചു.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കൊപ്പം മെല്‍ബണില്‍ എത്തിയ മേജര്‍ എപ്പിസ്‌കോപ്പല്‍ ചാന്‍സിലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തിലിനും ഹൃദ്യമായ സ്വീകരണം നല്‍കി. സെന്റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകീട്ട് അഞ്ചിന് മെല്‍ബണിനടുത്തുള്ള ക്യാമ്പെല്‍ഫീല്‍ഡ് ഔവര്‍ ലേഡീ ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്സ് കാല്‍ദിയന്‍ കാത്തലിക് ദേവാലയത്തില്‍ നടക്കും.

സ്ഥാനാരോഹണ കര്‍മങ്ങളില്‍ ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, സിറോ മലബാര്‍ സഭയുടെ മറ്റു രൂപതകളില്‍ നിന്നുള്ള പിതാക്കന്മാര്‍, ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, മെല്‍ബണ്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.