ബോല ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയും; സമാധാനം പുലരട്ടെ എന്ന് ആര്‍ച്ച് ബിഷപ്പ്

ബോല ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയും; സമാധാനം പുലരട്ടെ എന്ന് ആര്‍ച്ച് ബിഷപ്പ്

അബൂജ: നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബുവും വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഒലുകയാഡെ അരിവോല സത്യവാചകം ചൊല്ലിക്കൊടുത്തു. 2023-2027 വരെയാണ് ഇവരുടെ കാലാവധി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി ശ്രമിക്കുമെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു. 2023ല്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999 മുതല്‍ 2007 വരെ ലാഗോസ് സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്ന ബോല അഹമ്മദ് ടിനുബു ആദ്യമായാണ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. ഫെബ്രുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിനുബു എട്ടു ദശലക്ഷത്തിലധികം വോട്ടു നേടിയാണ് വിജയിച്ചത്. അതേസമയം ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

1999-ല്‍ ആരംഭിച്ച നിലവിലെ ഫോര്‍ത്ത് റിപ്പബ്ലിക്കിന്റെ അഞ്ചാമത്തെ പ്രസിഡന്റായാണ് 71കാരനായ ടിനുബു സ്ഥാനാരോഹണം ചെയ്തിരിക്കുന്നത്. നിലവില്‍ നൈജീരിയ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, രാജ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.

രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ടിനുബു.

നൈജീരിയന്‍ ജനതയില്‍ ഏറെയും മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരാണ്. സാമ്പത്തിക മുരടിപ്പും അരക്ഷിതാവസ്ഥയും നിറഞ്ഞതായിരുന്നു മുന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ഭരണം. രാജ്യത്തൊട്ടാകെ നടമാടുന്ന തട്ടിക്കൊണ്ടുപോകലുകള്‍, വടക്കുകിഴക്കന്‍ മേഖലയിലെ സജീവമായ ഭീകരവാദം, തെക്കുകിഴക്കന്‍ മേഖലയിലെ വിഘടനവാദം മുതലായ പ്രശ്നങ്ങളില്‍ ക്രൈസ്തവ വിശ്വാസികളാണ് കൂടുതല്‍ ഇരയാക്കപ്പെടുന്നത്.

ക്രൈസ്തവ പീഡനങ്ങള്‍ പതിവായ നൈജീരിയയെ മതസൗഹര്‍ദത്തിലേക്കു നയിക്കാന്‍ പുതിയ പ്രസിഡന്റിനാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

പുതിയ പ്രസിഡന്റ് ബോല ടിനുബു മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുതിര്‍ന്ന നൈജീരിയന്‍ ബിഷപ്പായ കടുന ആര്‍ച്ച് ബിഷപ്പ് മാത്യു മാന്‍-ഓസോ എന്‍ഡഗോസോ പ്രത്യാശ പ്രകടിപ്പിച്ചു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ സൗഹാര്‍ദത്തോടെ താമസിക്കുന്ന പ്രദേശത്ത് നിന്നാണ് ടിനുബു വരുന്നത് എന്നതിനാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

യൊറൂബ വംശീയ ഗോത്രത്തില്‍ നിന്നുള്ള മുസ്ലീം മതവിശ്വാസിയാണ് ടിനുബു. യൊറൂബലാന്‍ഡില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മുസ്ലീങ്ങളും ഒരേ കുടുംബത്തില്‍ കാണപ്പെടുന്നത് സാധാരണമാണ്, അവര്‍ സുഖമായി കഴിയുന്നു. ടിനുബുവിന്റെ ഭാര്യ ക്രിസ്ത്യാനിയാണ്, അതിനാല്‍ ഞങ്ങള്‍ പ്രതീക്ഷയിലാണ്.

ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയട്ടെയെന്ന് ആര്‍ച്ച് ബിഷപ്പ് എന്‍ഡഗോസോ ആശംസിച്ചു. തങ്ങള്‍ പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല. ന്യായമായും തുല്യതയോടെയും ക്രിസ്ത്യാനികള്‍ പരിഗണിക്കപ്പെടണം. നിലവില്‍ ഇത് കുറവാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.