'അരുത്... രാജ്യത്തിന്റെ അഭിമാനം ഗംഗയില്‍ എറിയരുത്': മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; താല്‍ക്കാലികമായി പിന്‍വാങ്ങി ഗുസ്തി താരങ്ങള്‍

 'അരുത്... രാജ്യത്തിന്റെ അഭിമാനം ഗംഗയില്‍ എറിയരുത്': മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; താല്‍ക്കാലികമായി പിന്‍വാങ്ങി ഗുസ്തി താരങ്ങള്‍

ഹരിദ്വാര്‍: ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ്ഭൂഷണ്‍ സിങിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ നിറകണ്ണുകളുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍.

നരേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കളാണ് ഹരിദ്വാറില്‍ എത്തിയത്. ഇവര്‍ ഗുസ്തി താരങ്ങളുടെ കൈയില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ താരങ്ങളുമായി സംസാരിച്ചു.

അഞ്ച് ദിവസത്തെ സാവകാശം നരേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്ന് താരങ്ങള്‍ താല്‍കാലികമായി പിന്മാറിയത്. ടിക്കായത്ത് അടക്കമുള്ള നേതാക്കള്‍ ഏറെ നേരം സംസാരിച്ച ശേഷമാണ് മെഡലുകള്‍ തിരികെ വാങ്ങിയത്.

കര്‍ഷക നേതാക്കള്‍ സമാധാനിപ്പിക്കാന്‍ എത്തിയതോടെ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള താരങ്ങള്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് കര്‍ഷക നേതാക്കളും താരങ്ങളും ചേര്‍ന്ന് പ്രകടനമായി മടങ്ങി. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് വന്‍ ജനാവലിയാണ് ഹരിദ്വാറില്‍ എത്തിയത്.

കഴിഞ്ഞ 28 ന് പാര്‍ലമെന്റിന് മുന്നിലേക്ക് താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗുത്തു നിന്നുണ്ടായ നടപടിയാണ് താരങ്ങളെ ഇത്തരത്തിലൊരു കടുത്ത നീക്കത്തിലേക്ക് നയിച്ചത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.