ന്യൂഡല്‍ഹി: സംഘര്‍ഷ ബാധിത മണിപ്പൂരില്‍ കര്‍ശന നടപടിക്ക് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി നേരിടാന്‍ അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്രപതിയെ സമീപിച്ചു.
മണിപ്പൂരിലെ സമാധാനവും സമൃദ്ധിയുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മണിപ്പൂര്‍ പൊലീസ്, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), ഇന്ത്യന്‍ ആര്‍മി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് അമിത് ഷാ പറഞ്ഞു. വിലവര്‍ധനവ് തടയാന്‍ പെട്രോള്‍, എല്‍പിജി ഗ്യാസ്, അരി തുടങ്ങിയ അവശ്യ വസ്തുക്കളും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
കൂടിക്കാഴ്ചയില്‍ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അമിത് ഷാ അവലോകനം ചെയ്തു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ചുരാചന്ദ്പൂര്‍ മേഖലയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. കുക്കി സിവില്‍ സൊസൈറ്റി നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അതിനിടെ മണിപ്പൂരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഇടപെടണമെന്നും സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം കലാപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്രപതിയെ സമീപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടത്. സംസ്ഥാനത്ത് സാധാരണ നില തിരിച്ചുകൊണ്ട് വരാന്‍ 12 ഇന നിര്‍ദേശങ്ങളടങ്ങുന്ന നിവേദനം കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിക്ക് കൈമാറി.
തുടക്കത്തില്‍ കലാപം നിയന്ത്രിക്കുന്നതിലുണ്ടായ നിരവധി വീഴ്ചകളാണ് ഇന്നത്തെ ഗുരുതരാവസ്ഥയിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഇപ്പോള്‍ ആര്‍ക്കെതിരെയും വിരല്‍ ചൂണ്ടേണ്ട സമയമല്ല, പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് 12 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.
ആളുകള്‍ ആയുധം കൈയിലെടുക്കുന്നത് തടയണം. അക്രമം നടക്കുന്ന ഗ്രാമങ്ങളിലേക്ക് സായുധ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ മതിയായ സുരക്ഷസേനയെ വിന്യസിക്കണം. പലായനം ചെയ്യേണ്ടിവന്നവരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണം .കലാപത്തിന്റെ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ നടപടിയെടുത്ത് കുടുംബങ്ങള്‍ക്ക് ഉടന്‍ വിട്ടുകൊടുക്കണം. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നിരവധിയായ കുട്ടികളുടെ പഠനത്തിന് ക്രമീകരണം വേണം. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത് ദേശീയപാതയിലും മറ്റും തടയുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണം. തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദേശങ്ങളിലുള്ളത്.
പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തൈ സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ ഈ മാസം ആദ്യം വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v