തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; പി.സി ജോർജിന്റെ ജനപക്ഷത്തിന് തിരിച്ചടി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; പി.സി ജോർജിന്റെ ജനപക്ഷത്തിന് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തൊമ്പത് തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകൾ വീതം യുഡിഎഫും എൽഡിഎഫും ജയിച്ചപ്പോൾ ഒരു സീറ്റിൽ ബിജെപി ജയിച്ചു. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്നതിൽ ഒമ്പത് സീറ്റുകൾ എൽഡിഎഫിന്റെയും ഏഴ് സീറ്റുകൾ യുഡിഎഫിന്റെയും രണ്ട് സീറ്റുകൾ ബിജെപിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു.

എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക വാർഡിൽ എൽഡിഎഫിനാണ് വിജയം. നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്ത് ബിജെപിയിൽ നിന്നാണ്. 99 വോട്ട് ഭൂരിപക്ഷത്തിനാണ് വാർഡ് എൽഡിഎഫിലെ സി ഗോവിന്ദ് പിടിച്ചെടുത്തത്. കോട്ടയം പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ സിറ്റിങ് സീറ്റായ പെരുന്നിലം വാർഡിൽ ജനപക്ഷം പരാജയപ്പെട്ടു. സിപിഎമ്മിലെ ബിന്ദു അശോകൻ പന്ത്രണ്ട് വോട്ടിനാണ് ജയിച്ചത്. മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാർഡ് എൽഡിഎഫ് നിലനിർത്തി.

ആലപ്പുഴ ചേർത്തല നഗരസഭ വാർഡ് പതിനൊന്നിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ എ അജി 310 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് ലക്കിടിയിലെ പേരൂർ, എൽഡിഎഫ് സ്വതന്ത്രൻ ടി മണികണ്ഠൻ സീറ്റ് നിലനിർത്തി. മുതലമട ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് പറയമ്പള്ളം എൽഡിഎഫിൽ നിന്ന് യുഡിഎഫ് സ്വതന്ത്രൻ പിടിച്ചെടുത്തു.

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം വാർഡിൽ യുഡിഎഫും വിജയിച്ചപ്പോൾ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ജെസ്സി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎമ്മിൽനിന്നുള്ള പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. കണ്ണൂർ പിലാത്തറ ചെറുതാഴം പഞ്ചായത്ത് കക്കോണി വാർഡിൽ എൽഡിഎഫിനെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു.

കോഴിക്കോട് വേളം പഞ്ചായത്തിലെ പതിനാന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി പി എം കുമാരൻ 126 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കോഴിക്കോട് പുതുപ്പാടി കണലാട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ ഏഴാം വാർഡിൽ സിറ്റിങ് സീറ്റ് നിലവിർത്താൻ യുഡിഎഫിനായി. കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ 112 വോട്ടിനാണ് ജയിച്ചത്.

19 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 76.51 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. 11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉൾപ്പെടെ ആകെ 24,504 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.