ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ തലയറുത്ത് കൊന്ന കൊടും ക്രൂരത: 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ

ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ തലയറുത്ത് കൊന്ന കൊടും ക്രൂരത:  23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ

ട്രിപ്പോളി: ലിബിയയില്‍ ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയ 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് ലിബിയന്‍ കോടതി. 14 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

ഒരാള്‍ക്ക് 12 വര്‍ഷവും ആറ് പേര്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷയും കോടതി വിധിച്ചു. അഞ്ചു പേരെ വെറുതെ വിടുകയും മൂന്ന് പേര്‍ വിചാരണ സമയത്ത് മരിക്കുകയും ചെയ്തതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

2015 ഫെബ്രുവരി 15 ന് സിര്‍ത്തിലെ കടല്‍ക്കരയിലുള്ള ഒരു ഹോട്ടലിന് സമീപത്തായിരുന്നു 21 കോപ്റ്റിക് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത്. ഇസ്ലാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരുന്നു കൊടും ക്രൂരത.

ഇവരെ വധിക്കുന്നതിന് മുന്‍പ് കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയില്‍ വസ്ത്രങ്ങളണിയിച്ച് മുട്ടില്‍ നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികള്‍ പുറത്തു വിട്ടിരുന്നു.
കൂട്ടക്കുരുതിക്ക് മൂന്ന് ദിവസം മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് എന്ന ഭീകര സംഘടന 'ഡാബിക്' എന്ന അവരുടെ ഓണ്‍ലൈന്‍ മാസികയില്‍ സിര്‍ത്ത് നഗരത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ തലയറുത്ത സംഭവത്തിന് മുമ്പ് ട്രിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം നിരവധി കേസുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ നഗരമായ മിസ്രതയിലെ അപ്പീല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

2011 ലെ കലാപത്തിന് ശേഷം അരാജകത്വത്തിലായ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അധിനിവേശം നടത്തുകയായിരുന്നു. ലിബിയയുടെ മുന്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് അല്‍ ഗദ്ദാഫിയുടെ ജന്മസ്ഥലവും തീരദേശ നഗരവുമായ സിര്‍ത്തും ഡെര്‍ണയും ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളാണ് ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തത്. ക്രൈസ്തവര്‍ അടക്കം നിരവധി പേര്‍ ഇക്കാലയളവില്‍ വധിക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.