എല്ലാത്തരത്തിലുമുള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥിക്കാം; ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ

എല്ലാത്തരത്തിലുമുള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥിക്കാം; ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും നടക്കുന്ന എല്ലാ തരത്തിലുമുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ സഭാ വിശ്വാസിളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് മനുഷ്യരുടെ അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ഇരയാകുന്നവര്‍ക്ക് പിന്തുണ നല്‍കാനും ആഹ്വാനം ചെയ്തത്.

പീഡനം ഒരു മഹാമാരിയാണെന്ന് പരിശുദ്ധ പിതാവ് വിമര്‍ശിച്ചു. അത് എക്കാലവും നിലനില്‍ക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പീഡനങ്ങള്‍ സഹിച്ചത് പാപ്പ ചൂണ്ടിക്കാട്ടി. ഇന്ന് എത്രയോ പേര്‍ അതുപോലെ മറ്റുള്ളവരുടെ പ്രവൃത്തികളാല്‍ ദുരിതങ്ങള്‍ സഹിക്കുന്നു. ഈ കഷ്ടപ്പാടുകളുടെ ഉറവിടം ഉന്മൂലനം ചെയ്യാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

പീഡനങ്ങള്‍ക്ക് ഇരയായവരെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര ദിനം ജൂണ്‍ 26 ന് ആചരിക്കുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ ഈ വിഷയത്തില്‍ പ്രാര്‍ത്ഥനം നിയോഗം പുറത്തിറക്കിയത്.



ക്രൂരത ചെയ്യാനുള്ള മനുഷ്യന്റെ ത്രാണി ഇത്രത്തോളം വലുതാകാന്‍ എങ്ങനെ സാധിക്കുമെന്ന് മാര്‍പാപ്പ ചോദിച്ചു. അങ്ങേയറ്റം അക്രമാസക്തമായ പീഡനങ്ങള്‍ ലോകത്ത് നടക്കുന്നു. ആരെയെങ്കിലും തരംതാഴ്ത്തുക, ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കുക, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ കൂട്ട തടങ്കലില്‍ വയ്ക്കുക എന്നിങ്ങനെ.... ഇതു പുതിയ കാര്യമല്ല. യേശുവിനെത്തന്നെ എങ്ങനെ പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്തുവെന്ന് നമുക്ക് ചിന്തിക്കാം - പാപ്പ പറഞ്ഞു.

'പീഡനത്തിന്റെ ഈ ഭീകരത നമുക്ക് അവസാനിപ്പിക്കാം. എല്ലാറ്റിനുമുപരിയായി വ്യക്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, ഇരകളെ വ്യക്തികളായല്ല, അവരെ വസ്തുക്കളായി കണക്കാക്കുന്നു. അവരോട് ദയയില്ലാതെ മോശമായി പെരുമാറുന്നു. അവര്‍ ഒന്നുകില്‍ മരണത്തിന് കീഴടങ്ങുകയോ അല്ലെങ്കില്‍ ആജീവനാന്തം മാനസികവും ശാരീരികവുമായ ഉപദ്രവമോ ഏല്‍ക്കേണ്ടി വരുന്നുവെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി.

മനുഷ്യത്വരഹിതമായ ക്രൂരതകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഈ ഭീകരത അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ കൊണ്ട് ഇത്തരം അതിക്രമങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, പല രാജ്യങ്ങളിലും ഇത് തുടരുന്നു. പീഡനത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹം പിന്തുണ ഉറപ്പുനല്‍കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.