സൗദി അറേബ്യ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ തൊഴില്‍ കരാർ നിർബന്ധം

സൗദി അറേബ്യ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ തൊഴില്‍ കരാർ നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്കുളള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ തൊഴില്‍ കരാറുകള്‍ കൂടി സമർപ്പിക്കണമെന്ന നിബന്ധന കർശനമായി നടപ്പിലാക്കാന്‍ കോണ്‍സുലേറ്റുകള്‍ക്ക് നിർദ്ദേശം. തൊഴില്‍ കരാര്‍ സമര്‍പ്പിക്കാത്ത പക്ഷം വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാസ്പോർട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാർ കൂടി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ തൊഴില്‍ കരാർ വേണമെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ദില്ലിയിലെ സൗദി എംബസി മാത്രമാണ് ഇത് കർശനമായി നടപ്പിലാക്കിയിരുന്നത്. എന്നാല്‍ നിലവില്‍ മുംബൈ കോണ്‍സുലേറ്റും ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കി കഴിഞ്ഞു. സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറുകളാണ് വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കേണ്ടത്.

ആരോഗ്യപരിശോധനകള്‍ ഉള്‍പ്പടെ പൂർത്തിയായതിന് ശേഷമാണ് തൊഴില്‍ കരാറുകളില്‍ ഒപ്പുവയ്ക്കാറുളളത്. ആരോഗ്യപരിശോധന പരാജയപ്പെട്ടാല്‍ പിന്നീട് വിസ സ്റ്റാമ്പ് ചെയ്യാനാകില്ല. തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച കരാർ ചേംബർ ഓഫ് കൊമേഴ്സിന്‍റെ അറ്റസ്റ്റേഷന്‍ കഴിഞ്ഞതിന് ശേഷമാണ് വിസ സ്റ്റാമ്പിംഗിനായി സമർപ്പിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.