പനവല്ലിയിൽ വീണ്ടും കടുവ ആക്രമണം, സർക്കാർ അടിയന്തിരമായി ഇടപെടണം: കെ.സി.വൈ.എം മാനന്തവാടി രൂപത

പനവല്ലിയിൽ വീണ്ടും കടുവ ആക്രമണം, സർക്കാർ അടിയന്തിരമായി ഇടപെടണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട്ടിലെ പാവപ്പെട്ട കർഷക ജനതയുടെ ദുരിത ജീവിതത്തിന് അറുതിയില്ല. ജനവാസ മേഖലയിലെ കടുവ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. കടുവ ആക്രമണങ്ങളിൽ നിരവധി മനുഷ്യജീവനുകൾ നഷ്ടമായിട്ടും, സമരങ്ങളും പ്രക്ഷോഭങ്ങളും നിരവധി നടത്തിയിട്ടും ഇതിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിനോ, ഉദ്യോഗസ്ഥർക്കോ സാധിക്കുന്നില്ല. മലയോര ജനത സ്വന്തം വീടുകളിൽ പോലും സുരക്ഷയില്ലാതെ ജീവൻ പണയപ്പെടുത്തി കഴിയുന്നു.

കഴിഞ്ഞ ദിവസം തിരുനെല്ലി  പനവല്ലിയിൽ പുളിക്കൽ മാത്യുവിന്റെ പശുകിടാവിനെ കടുവ ആക്രമിച്ച് കൊന്നത് ആശങ്കകൾ വർധിപ്പിക്കുകയാണ്. ഇനിയും ആരോടാണ് പരാതി പറയേണ്ടതെന്നറിയാതെ നാട്ടുകാർ നെട്ടോട്ടമോടുകയാണ്.

മലയോര കർഷകജനതയോടൊപ്പം എന്നും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കെ.സി.വൈ.എം. ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുമ്പോൾ കൂടുതൽ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ദുരിതക്കയത്തിലാണ്ടിരിക്കുന്ന വയനാടൻ ജനതയെ ഈ വിപത്തിൽനിന്നും രക്ഷിക്കുവാൻ അവശ്യമായ സത്വര നടപടികൾ സർക്കാർ - ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാവണമെന്നും ആവശ്യമെങ്കിൽ, വന്യജീവി ആക്രമണങ്ങൾ പൂർണ്ണമായും തടയാൻ നിയമഭേദഗതികൾ വരുത്തുകയോ, നിയമ നിർമാണം നടത്തുകയോ ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26