ദുരന്ത വാർത്തകളിലും പ്രത്യാശ നിറയ്ക്കുക; ലോകത്തിന് സത്യസന്ധമായ വാർത്തകൾ കൊടുക്കുക; വത്തിക്കാൻ മാധ്യമ പ്രതിനിധികൾ

ദുരന്ത വാർത്തകളിലും പ്രത്യാശ നിറയ്ക്കുക; ലോകത്തിന് സത്യസന്ധമായ വാർത്തകൾ കൊടുക്കുക; വത്തിക്കാൻ മാധ്യമ പ്രതിനിധികൾ

വത്തിക്കാൻസിറ്റി: വാർത്തകളെ വളച്ചൊടിക്കാതെ യഥാർഥ വസ്തുതകൾ സത്യസന്ധമായി നൽകുന്ന മാധ്യമങ്ങളാണ് ആവശ്യമെന്ന് വത്തിക്കാൻ മാധ്യമ പ്രതിനിധികളായ ഡോ. ആൻഡ്രിയ ടോർണിയല്ലിയും ഡോ. ​​മാസിമിലിയാനോ മെനിചെട്ടിയും. സഭയിലെ ആശയ വിനിമയത്തിന് ആധുനിക മാധ്യമങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം.

ദുരന്ത സംഭവങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ പോലും പ്രത്യാശ നൽകുന്നതായിരിക്കണം. നമ്മുടെ ദൈനം ദിന ജീവിതത്തിൽ യുദ്ധം പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോൾ പ്രതീക്ഷയുടെ വിത്തുകൾക്ക് ഇടം നൽകിക്കൊണ്ട് വാർത്തകൾ ചെയ്യാൻ ശ്രമിക്കണമെന്ന് ഡോ. ടോർണെല്ലി പറഞ്ഞു.

ഉദാഹരണത്തിന്, ഉക്രെയ്നിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചാൽ, നാശനഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതോടൊപ്പം ആരാണ് അവരെ സഹായിക്കുന്നത്, സ്ഥിതികൾ നിയന്ത്രണ വിധേയമാക്കാൻ ആരാണ് പ്രവർത്തിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ നൽകാൻ തങ്ങൾ ശ്രമിക്കാറുണ്ട്. അതുപോലെ നിങ്ങളും വാർത്തക്കുള്ളിലെ രാഷ്ട്രീയം, നയതന്ത്രം, സാധ്യമായ പരിഹാരങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കണമെന്നും വത്തിക്കാൻ ന്യൂസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. മാസിമിലിയാനോ മെനിചെട്ടി പറഞ്ഞു.

മാധ്യമ രംഗത്ത് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഡോ.ടോർനിയേലിയും ഡോ.മെനിചെട്ടിയും ചൂണ്ടിക്കാട്ടി. നല്ലത് സംസാരിക്കാനും, കൈമാറ്റം ചെയ്യാനും, ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മാധ്യമങ്ങളാണ് നമുക്ക് വേണ്ടത്.

ജോൺ പോൾ രണ്ടാമനെക്കുറിച്ചും സത്യം തുറന്നു പറയുന്ന അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും പ്രൊഫ. മിറോസ്ലാവ് കലിനോവ്‌സ്‌കി എടുത്തു പറഞ്ഞു. ലുബ്ലിനിലെ ജോൺ പോൾ രണ്ടാമൻ കാത്തലിക് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സർവ്വകലാശാലകളിലൊന്നും കത്തോലിക്കാ പഠനങ്ങളുടെ പ്രധാന കേന്ദ്രവുമാണ്. ഇത് ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുകയും ദൈവശാസ്ത്രം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, നിയമം, മാനവികത, ഗണിതശാസ്ത്രം, പ്രകൃതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ യുവാക്കളെ പഠിപ്പിക്കുകയും ചെയ്യുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26