വത്തിക്കാന്‍ സിറ്റി: കുട്ടികളുടെ സംരക്ഷണത്തിനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള വത്തിക്കാന്റെ പ്രതിബദ്ധതയുടെ ഭാഗമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച്, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മിഷനും വൈദികര്‍ക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയും. വൈദികരുടെ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ ലസാറസ് യൂ ഹ്യൂങ്-സിക്കും കമ്മീഷന്‍ പ്രസിഡന്റായ കര്‍ദിനാള്‍ സീന്‍ ഒമാലിയുമാണ് കരാറില്‍ ഒപ്പിട്ട് പരസ്പര സഹകരണം ഉറപ്പാക്കിയത്.
പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇരകളായവര്‍ക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുക, അതിജീവിതരെ കേള്‍ക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനുമുള്ള ഇടങ്ങള്‍ സൃഷ്ടിക്കുക, രണ്ടാമതായി പ്രാദേശിക സഭകളുടെ സഹകരണം ഉറപ്പുവരുത്തുക, മൂന്നാമത്തേത് സുരക്ഷ സംബന്ധിച്ച് വൈദികര്‍ക്ക് സ്ഥിരമായ പരിശീലനം നല്‍കുക എന്നിവയാണത്.
സഭയുടെ ഏറ്റവും പ്രകടമായ മുഖമായ പുരോഹിതന്മാരുടെയും ഡീക്കന്മാരുടെയും ജീവിതക്രമവും ശുശ്രൂഷയും രൂപീകരിക്കപ്പെടാന്‍ ഈ ധാരണാപത്രം സഹായകരമാകുമെന്ന് കര്‍ദിനാള്‍മാര്‍ അഭിപ്രായപ്പെട്ടു. അവരുടെ ജീവിതവും ശുശ്രൂഷയും കുട്ടികളെയും ദുര്‍ബലരെയും സംരക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ക്കും വിധേയമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
വൈദികരുടെയും വിശ്വാസികളുടെയും പെരുമാറ്റം മെച്ചപ്പെടുത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ അടുത്തിടെ നിര്‍ദേശിച്ചിരുന്നു.
അതിജീവിതര്‍ക്കുള്ള സഹായത്തിനായി ബിഷപ്പ് കോണ്‍ഫറന്‍സുകളില്‍ നിന്നുള്ള സംഭാവനകള്‍ ഉള്‍പ്പെടെ ഒരു ഫണ്ട് സ്വരൂപിക്കുക, ഓണ്‍ലൈനിലൂടെയുള്ള ബാല ചൂഷണത്തിത്തിനെതിരായ പദ്ധതികള്‍ വിപുലപ്പെടുത്തുക തുടങ്ങി ലൈംഗിക ദുരുപയോഗം എന്ന ഭയാനകമായ കുറ്റകൃത്യത്തില്‍ നിന്ന് സഭയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ധാരണാപത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26