മഴക്കാലം: രോഗങ്ങളെ അകറ്റി നിര്‍ത്താം

മഴക്കാലം: രോഗങ്ങളെ അകറ്റി നിര്‍ത്താം

മഴക്കാലം ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. എന്നാല്‍, ഈ സമയത്തുണ്ടാകുന്ന രോഗങ്ങളെ ആര്‍ക്കും ഇഷ്ടമല്ലതാനും. അതുകൊണ്ടാണ് മഴക്കാലം വരുന്നതിനു മുന്‍പേ ശുചീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിക്കുന്നത്.

വേനലിനു ശേഷം മഴക്കാലം നമുക്ക് ആശ്വാസമേകും. എന്നാല്‍, പലര്‍ക്കും രോഗങ്ങളെ പകര്‍ന്നും നല്‍കുന്ന ഒരു കാലമാണ് മഴക്കാലം. ഡെങ്കിപ്പനി, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ഈ സമയത്ത് ഉണ്ടാകാറുണ്ട്.

ഡെങ്കിപ്പനി
ഈഡിസ് ഈജ്പിറ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം.

ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്ന പാടുകള്‍ കാണാനും സാധ്യതയുണ്ട്. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കണം.

എലിപ്പനി
ലെപ്‌ടോസ്‌പൈറ ഇനത്തില്‍പ്പെട്ട സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കണം. ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ചിക്കുന്‍ ഗുനിയ
ആല്‍ഫാ വൈറസാണ് ചിക്കുന്‍ ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധ ജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്.

പെട്ടെന്നുണ്ടാകുന്ന പനി, ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, സന്ധി വേദന, പ്രത്യേകിച്ചും കൈകാലുകളിലെ മുട്ടുകളുടെ വേദന, നടുവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.

മലമ്പനി
പെട്ടെന്നുണ്ടാകുന്ന പനി, അതികഠിനമായ വിറയലും കുളിരും,അസഹ്യമായ ശരീരവേദനയും തലവേദനയും, തുടര്‍ന്ന് അതികഠിനമായ പനി, രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.

ജപ്പാന്‍ ജ്വരം
പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ, നിര്‍ജലീകരണം, തളര്‍ച്ച തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.

ടൈഫോയ്ഡ്
രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്.

ഇടവിട്ട പനി, വിശപ്പിലായ്മ, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൊതുകിനെ തുരത്താം; രോഗങ്ങള്‍ തടയാം
* വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രം, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക.
* വെള്ളം കെട്ടിനിന്നു കൊതുക് പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ കണ്ടുപിടിച്ച് ഒഴുക്കിക്കളഞ്ഞ് ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
* കൊതുക് വംശ വര്‍ധനവ് നടത്താന്‍ സാധ്യതയുള്ള ജലാശയങ്ങളിലും വാട്ടര്‍ടാങ്കുകളിലും കൂത്താടി ഭോജികളായ ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക.
* റബ്ബര്‍ ടാപ്പിങ് ഇല്ലാത്ത അവസരങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി സൂക്ഷിക്കുക.
* കൊതുകു കടിയേല്‍ക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
* മലിന ജലത്തില്‍ മുഖം കഴുകയോ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്.
* ചപ്പുചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.
* ആരോഗ്യ പ്രവര്‍ത്തകരുടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.