അഫ്ഗാനിസ്ഥാനിലും പ്രൈമറി വിദ്യാര്‍ഥിനികള്‍ക്ക് സംശയകരമായ രീതിയില്‍ വിഷബാധയേല്‍ക്കല്‍; ഇറാനിലേതിനു സമാന സംഭവം

അഫ്ഗാനിസ്ഥാനിലും പ്രൈമറി വിദ്യാര്‍ഥിനികള്‍ക്ക് സംശയകരമായ രീതിയില്‍ വിഷബാധയേല്‍ക്കല്‍; ഇറാനിലേതിനു സമാന സംഭവം

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രൈമറി സ്‌കൂളുകളില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 80 ഓളം പെണ്‍കുട്ടികള്‍ക്ക് വിഷബാധ ഏറ്റതായി റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി സാര്‍-ഇ-പുള്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. വിഷബാധയേറ്റവര്‍ ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വരികയും അഫ്ഗാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെതിരെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിലുള്ള ആക്രമണം സംഭവിക്കുന്നത്. സംചരക് ജില്ലയിലാണ് വിഷബാധയുണ്ടായതെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവി മുഹമ്മദ് റഹ്മാനി പറഞ്ഞു. നസ്വാന്‍-ഇ-കബോദ് ആബ് സ്‌കൂളില്‍ 60 വിദ്യാര്‍ഥിനികള്‍ക്കും നസ്വാന്‍-ഇ-ഫൈസാബാദ് സ്‌കൂളില്‍ 17 പേര്‍ക്കും വിഷബാധയേറ്റതായി അദ്ദേഹം പറഞ്ഞു.

അപകടകരമായ പുക ശ്വസിച്ചാണ് തങ്ങള്‍ക്ക് അസുഖം ബാധിച്ചതെന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്നോ ഏത് രാസവസ്തുവാണ് ഉപയോഗിച്ചതെന്നോ സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ആറാം ക്ലാസിനു ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും പൊതു ഇടങ്ങളിലെ ജോലിക്കും വിലക്കുണ്ട്. രണ്ട് പ്രൈമറി വിദ്യാലയങ്ങളും അടുത്താണ്. ആശുപത്രിയിലേക്ക് മാറ്റിയ വിദ്യാര്‍ഥിനികളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.

ഇറാനില്‍ അടുത്തിടെ നിരവധി സംഭവങ്ങളാണ് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമാനമാനമായ സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനിലും കൂടി ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോട് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടി ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുവാന്‍ വേണ്ടി മനപൂര്‍വ്വമായി ആസൂത്രിതം ചെയ്യുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.